അരിപ്പാറയില്‍ മുങ്ങിമരിച്ച വിദ്യാര്‍ത്ഥികളുടെ സംസ്‌കാരം ഇന്ന്; കണ്ണീരോര്‍മയായി വിനോദ സഞ്ചാരം

തിരുവമ്പാടി: ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ച വിദ്യാര്‍ത്ഥികളുടെ സംസ്‌കാരം ഇന്ന് നടക്കും. കോഴിക്കോട് തിരുവണ്ണൂര്‍ മാങ്കാവ് കൃഷണ നിവാസില്‍ മുരളിയുടേയും സ്വയംപ്രഭയുടേയും മകനായ അശ്വന്ത് കൃഷ്ണ (15), കോഴിക്കോട് നെല്ലിക്കോട് ഭയങ്കാവ് ക്ഷേത്രത്തിന് സമീപം പോക്കോലത്ത് പറമ്പ് സുനില്‍ കുമാറിന്റെയും ഭവിതയുടേയും മകന്‍ അഭിനവ് (13) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. 14 പേരടങ്ങുന്ന സംഘമാണ് ട്രാവലറില്‍ അരിപ്പാറയില്‍ എത്തിയത്. കുളിക്കുന്നതിനിടെ രണ്ടുപേരും കയത്തില്‍ അകപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരും മുങ്ങിപ്പോയിരുന്നു. ഓടിയെത്തിയ ലൈഫ് ഗാര്‍ഡുമാരായ സണ്ണി, ജിജോ വര്‍ഗ്ഗീസ് എന്നിവര്‍ കയത്തില്‍ ഇറങ്ങി മുതിര്‍ന്ന മൂന്നുപേരെയും ആദ്യം കരക്കെത്തിച്ചു.
തുടര്‍ന്നാണ്ടു കുട്ടികള്‍ മുങ്ങിപ്പോയ വിവരം അറിയുന്നത്. ഉടന്‍ തന്നെ ഇവരെയും കരക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ ഇവരുടെ വീടുകളിലെത്തിച്ച് സംസ്‌കരിക്കും.







