Thiruvambady

മലയോരത്ത് തുടരുന്ന കനത്തമഴയിൽ ചെറുപുഴയുടെ തീരം ഇടിഞ്ഞു

തിരുവമ്പാടി: മലയോരത്ത് തുടർച്ചയായി പെയ്ത കനത്ത മഴയെത്തുടർന്ന് ഇരുവഴിഞ്ഞിപ്പുഴയുടെ കൈവഴിയായ ചെറുപുഴയിൽ തീരമിടിച്ചിൽ. കൂടരഞ്ഞിക്ക് സമീപം കൽപ്പൂരിലാണ് 15 മീറ്റർ വീതിയിലും 2 മീറ്റർ ആഴത്തിലും തീരം പുഴയെടുത്തത്. കാരശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡിലെ പുറംപോക്ക് ഭൂമിയും സ്വകാര്യഭൂമിയും ഉൾപ്പെടെയുള്ള ഭാഗമാണ് ഇടിഞ്ഞിരിക്കുന്നത്. തീരമിടിച്ചിൽ ഒട്ടേറെ കുടുംബങ്ങൾക്കും കാർഷിക വിളകൾക്കും ഭീഷണിയായിമാറിയിരിക്കുകയാണ്. കനത്ത വരൾച്ചയെത്തുടർന്ന് കഴിഞ്ഞമാസം നാട്ടുകാർ പണിത തടയണയുടെ സമീപത്താണ് തീരമിടിച്ചിൽ. മണൽച്ചാക്കുകൊണ്ട് പണിത തടയണ പൂർണമായും തകർന്നിട്ടുണ്ട്. രൂക്ഷമായ വരൾച്ചയിൽനിന്നും രക്ഷതേടിയാണ് തീരവാസികൾ ചെറുപുഴയിൽ തടയണ നിർമിച്ചത്. വേനൽമഴ തുടരാത്തപക്ഷം ഇവിടങ്ങളിൽ ഇനിയും വരൾച്ച രൂക്ഷമാകും.

കൂടരഞ്ഞി പഞ്ചായത്തിൽ കോലോത്തുംകടവ്, പട്ടോത്ത്, കൊട്ടാരപ്പറ്റ, കൽപ്പൂര് എന്നിവിടങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായിരുന്ന തടയണയാണ് ഒലിച്ചുപോയത്. കൊട്ടാരപ്പറ്റ കുടിവെള്ളപദ്ധതി ഇതിനുസമീപമാണ്. ഈ പദ്ധതിക്കുൾപ്പെടെ സമീപപ്രദേശങ്ങളിലെ കിണറുകളിൽവരെ ജലവിതാനമുയർത്താൻ പര്യാപ്തമായ തടയണയാണ് തകർന്നത്. ഇവിടെ കോൺക്രീറ്റ് തടയണ വേണമെന്ന ആവശ്യം ശക്തമാണ്. കൂടരഞ്ഞി, കാരശ്ശേരി പഞ്ചായത്ത് അധീനതയിലുള്ള ചെറുപുഴയുടെ തീരങ്ങളിൽ സംരക്ഷണഭിത്തികൾ പണിയാൻ ഇരു പഞ്ചായത്ത് അധികൃതരും അടിയന്തര നടപടി കൈക്കൊള്ളണമെന്നും മഴ തുടരാതെവന്നാൽ തടയണ പുനർനിർമിക്കാൻ പഞ്ചായത്തുകൾ ഫണ്ട് അനുവദിക്കണമെന്നും എൽ.ജെ.ഡി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button