കൂമ്പാറയിൽ ക്വാറി ഉടമ പഞ്ചായത്ത് റോഡ് കൈയ്യേറിയ സംഭവത്തിൽ ഭരണസമിതി യോഗത്തിൽ പ്രതിപക്ഷ ബഹളം

കൂടരഞ്ഞി: പഞ്ചായത്തിലെ കൂമ്പാറയിൽ ക്വാറി ഉടമ പഞ്ചായത്ത് റോഡ് കൈയ്യേറിയ സംഭവത്തിൽ ഭരണസമതി ക്വാറിക്കാരുമായി ഒത്തുകളിക്കുന്നുവെന്ന് അരോപിച്ച് ഭരണസമിതി യോഗത്തിൽ പ്രതിപക്ഷ ബഹളം. റോഡ് കൈയ്യേറ്റം സംബദ്ധിച്ച് വിശദമായ പഠനം നടത്താൻ കഴിഞ്ഞ ഭരണസമിതി യോഗം ഉപസമിതിയെ നിയോഗിച്ചിരുന്നു. ഇന്നലെ നടന്ന ഭരണസമിതി യോഗത്തിൽ വിഷയം ചർച്ചയ്ക്ക് വെയ്ക്കുകയും ഇതിന് മുന്നോടിയായി ഉപസമിതി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ യോഗം ചേരുകയും ക്വാറി ഉടമ കൈയ്യേറിയ പഞ്ചായത്ത് റോഡിൻ്റെ നേരത്തേയുള്ള ഉടമസ്ഥരിൽ ചിലരുടെ മൊഴിയെടുക്കുകയും ചെയ്തു.
യോഗത്തെ തുടർന്ന് ക്വാറിക്കാർ കൈയ്യേറിയ റോഡ് പഞ്ചായത്ത് റോഡല്ലെന്ന് സ്ഥാപിക്കാൻ ഭരണപക്ഷം ശ്രമിക്കുകയായിരുന്നു എന്നാരോപിച്ചും ഗ്രാമപഞ്ചായത്തിൻ്റെ ആസ്ഥി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷം ബഹളം വെയ്ക്കുകയായിരുന്നു. ബഹളത്തെ തുടർന്ന് അജണ്ട വിശദമായ ചർക്കായി അടുത്ത യോഗത്തിലേക്ക് മാറ്റി. കൈയ്യേറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുന്നത് വരെ ശക്തമായ പ്രക്ഷോപം തുടരുമെന്ന് പ്രതിപക്ഷ കക്ഷി നേതാക്കളായ വി.എ നസീർ, ജോണി വാളിപ്ലാക്കൽ എന്നിവർ അറിയിച്ചു.







