കനലാട് ഉപതിരഞ്ഞെടുപ്പ്; 9 സ്ഥാനാർഥികൾ നാമനിർദേശപ്പത്രിക സമർപ്പിച്ചു

പുതുപ്പാടി: മേയ് 30ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കനലാട് വാർഡിൽ 9 സ്ഥാനാർഥികൾ നാമനിർദേശപ്പത്രിക സമർപ്പിച്ചു. നാമനിർദേശപത്രികാസമർപ്പണത്തിന്റെ അവസാനദിനമായ വ്യാഴാഴ്ച യു.ഡി.എഫ് സ്ഥാനാർഥി ഷാലി ജിജോ പുളിക്കൽ ഉപവരണാധികാരിയായ പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഇ ഷാനവാസ് മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചു. വി.കെ ഹുസൈൻകുട്ടി, ബിജു താന്നിക്കാക്കുഴി, മിൽമ ജോർജ്, സന്തോഷ് മാളിയേക്കൽ, ജോർജ് മങ്ങാട്ടിൽ, ഒതയോത്ത് അഷ്‌റഫ്, രാജേഷ് ജോസ്, അലക്‌സ് ജോസഫ്, അംബിക മംഗലത്ത്, ബീനാ തങ്കച്ചൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
ശാരി സരജിലാൽ ആണ് ബി.ജെ.പി സ്ഥാനാർഥിയായി നാമനിർദേശപത്രിക നൽകിയത്. പത്രികാസമർപ്പണവേളയിൽ മണ്ഡലം പ്രസിഡന്റ് ബൈജു കല്ലടിക്കുന്ന്, ലാലു അടിവാരം, ശശി മാളികവീട്, സരജിലാൽ, അമ്പുലാജ്, പ്രവീൺ പുതിയോട്ടിൽ, രാമൻ മരുതിലാവ്, ജയൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. അജിതാ മനോജാണ് എൽ.ഡി.എഫ്. സ്ഥാനാർഥി.
നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന വെള്ളിയാഴ്ച നടക്കും. മേയ് 15നാണ് സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി. മേയ് 30ന് രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് ഉപതിരഞ്ഞെടുപ്പ്. 31-ാം തീയതിയാണ് വോട്ടെണ്ണൽ. സർക്കാർജോലി ലഭ്യമായ സാഹചര്യത്തിൽ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്‌സണായിരുന്ന സിന്ധു ജോയ് ഗ്രാമപ്പഞ്ചായത്തംഗത്വം ഉൾപ്പെടെ രാജിവെച്ചതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.







