തെയ്യത്തുംകടവ് റോഡിന്റെ ശോച്യാവസ്ഥയും കോട്ടമ്മൽ അങ്ങാടിയിലെ കിഫ്ബി വർക്കിന്റെ മെല്ലെപ്പോക്കും; വാർഡ് വികസന സമിതി എം.എൽ.എയ്ക്ക് നിവേദനം നൽകി

കൊടിയത്തൂർ: കോട്ടമ്മൽ – തെയ്യത്തും കടവ് റോഡിന്റെ ശോച്യാവസ്ഥക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നും ഹോസ്പിറ്റലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ നിരവധി ഇടങ്ങളിലേക്കുള്ള രോഗികൾ, വിദ്യാർഥികൾ, മറ്റു യാത്രക്കാർ തുടങ്ങിയവരുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കിത്തരണമെന്നും
കൊടിയത്തൂർ – ചെറുവാടി റോഡിലെ കിഫ്ബി പ്രവർത്തി മന്ധഗതിയിലായതുകാരണം മഴക്കാലമായാൽ ജനങ്ങൾക്ക് ഏറെ ദുഷ്ക്കരമായിത്തീരുമെന്നും കച്ചവടക്കാർക്കും മറ്റും ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും ആയതിനാൽ എത്രയും വേഗം പ്രവൃത്തിക്ക് വേഗം കൂട്ടി പ്രശ്ന പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് വാർഡ് വികസന സമിതി എം.എൽ.എ ലിന്റോ ജോസഫിന് നിവേദനം നൽകി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത്, വാർഡ് മെമ്പർമാരായ ടി.കെ അബൂബക്കർ മാസ്റ്റർ, ഫസൽ കൊടിയത്തൂർ, വികസന സമിതി അംഗങ്ങളായ കെ.പി അബ്ദുറഹിമാൻ, റഫീഖ് കുറ്റിയോട്ട്, ടി.ടി അബ്ദുറഹിമാൻ എന്നിവരുടെ നേതൃത്വത്തിലാണ് ലിന്റൊ ജോസഫ് എം.എൽ.എയ്ക്ക് നിവേദനം നൽകിയത്. വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ച് ഉടൻ പരിഹാരം കാണുമെന്ന് എം.എൽ.എ പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകിയതായും സമിതി അറിയിച്ചു.







