കയാക്കിങ് ഇനിമുതൽ ടൂറിസം കലണ്ടറിൽ

കോടഞ്ചേരി: അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പ് 2024 മുതൽ സംസ്ഥാന ടൂറിസം കലണ്ടറിന്റെ ഭാഗമാകുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോടഞ്ചേരി പുലിക്കയത്തെ കയാക്കിങ് സെന്റർ വൈറ്റ് വാട്ടർ കയാക്കിങ്, റാഫ്റ്റിങ് എന്നിവയുടെ പരിശീലനകേന്ദ്രമായി മാറ്റും. 2024ൽ പത്തനംതിട്ടയിലെ സീതത്തോട് കയാക്കിങ് ഫെസ്റ്റിവൽ നടത്താൻ ടൂറിസം വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്.
സാഹസികവിനോദം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ട്രക്കിങ്, ഹൈക്കിങ് എന്നിവയ്ക്കായി അമ്പതിടങ്ങൾ കണ്ടെത്തിയതായു ബേപ്പൂരിലെ സർഫിങ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ സർഫിങ് ചാമ്പ്യൻഷിപ്പ് വർക്കലയിൽ നടത്താൻ ആലോചനയുള്ളതായും മൗണ്ടൻ സൈക്കിളിങ്ങും പാരാഗ്ലൈഡിങ്ങും വ്യാപിപ്പിക്കുമെന്നും മുക്കം തൃക്കുടമണ്ണ തീർഥാടന ടൂറിസം പദ്ധതി പരിഗണിക്കുമെന്നും പതങ്കയത്ത് തൂക്കുപാലം നിർമിക്കുന്നതിന് ടൂറിസംവകുപ്പ് ഇടപെടുമെന്നും മന്ത്രി പറഞ്ഞു.







