ചേന്ദമംഗല്ലൂർ ഹൈസ്കൂളിൽ എസ്.എസ്.എൽ.സി ബാച്ചിന്റെ സുവർണ ജൂബിലി ആഘോഷിച്ചു

മുക്കം: ചേന്ദമംഗല്ലൂർ ഹൈസ്കൂളിൽ നിന്നും 1973 ൽ എസ്.എസ്.എൽ.സി കഴിഞ്ഞ വിദ്യാർത്ഥികൾ ‘ഓർമവസന്തം’ എന്ന പേരിൽ സുവർണ്ണജൂബിലി ആഘോഷിച്ചു. ബാച്ചിലെ 87 പേരിൽ 12 പേർ ജീവിച്ചിരിപ്പില്ല. മക്കളും പേരമക്കളുമായി വിശ്രമജീവിതം നയിക്കുന്നവരാണ്, പഠനകാല അനുഭവങ്ങൾ അയവിറക്കി വേറിട്ടൊരു സംഗമത്തിന് വേദിയൊരുക്കിയത്. ഒരു പകൽ നീണ്ട പരിപാടികളിൽ വ്യത്യസ്ത മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
ചടങ്ങിൽ പ്രസിഡണ്ട് ചാലിൽ അബ്ദു മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുക്കം മുനിസിപ്പൽ കൗൺസിലർ സാറ കൂടാരം ഉദ്ഘാടനം ചെയ്തു. കെ.ടി. മുഹമ്മദ് അബ്ദുർറഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി.കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ എറക്കോടൻ അബ്ദുറഹീം, ഡോ. കെ.ടി സലീം, പി.പി അബ്ദുൽ മജീദ്, പി.പി ബീരാൻ, മുഹമ്മദലി കൂടാരം, സുരേന്ദ്രൻ വി, വിലാസിനി തുടങ്ങിയവർ സംസാരിച്ചു. ബാലഗോപാലൻ, യശോധ എന്നിവരുടെ നേതൃത്വത്തിൽ ഓണപ്പൂക്കളവുമൊരുക്കി. സംഘാടക സമിതി കൺവീനർ ടി അബ്ദുൽ മജീദ് സ്വാഗതവും ജനറൽ സെക്രട്ടരി ഇ.കെ മായിൻ നന്ദിയും പറഞ്ഞു.