ചെളിക്കുളമായി അമ്പലക്കണ്ടി-വട്ടോളിപ്പറമ്പ് റോഡ്

മുക്കം: നവീകരണപ്രവൃത്തി പുരോഗമിക്കുന്ന മുക്കം നഗരസഭയിലെ അമ്പലക്കണ്ടി-വട്ടോളിപ്പറമ്പ് റോഡിൽ ദുരിതയാത്ര. മലയോര മേഖലയിൽ മഴ ശക്തമായതോടെ അമ്പലക്കണ്ടി കുഴിമ്പാട്ടിൽ ഭാഗത്ത് റോഡ് ചെളിക്കുളമായി. ഇതോടെ ഇരുചക്രവാഹനയാത്രയും കാൽനടയാത്രയും ദുസ്സഹമായിരിക്കുകയാണ്. കൈയിട്ടാപ്പൊയിൽ-മാമ്പറ്റ-അമ്പലക്കണ്ടി റോഡ് നവീകരണത്തിെൻറ ഭാഗമായി 6 കോടി രൂപ ചെലവിലാണ് പ്രവൃത്തി നടത്തുന്നത്.
മാമ്പറ്റ മുതൽ വട്ടോളിപ്പറമ്പ് വരെയുള്ള 2 കിലോമീറ്റർ ദൂരം നേരത്തെ നവീകരിച്ചിരുന്നു. റോഡ് ചെളിക്കുളമായതോടെ കൊടുവള്ളി, താമരശ്ശേരി ഭാഗങ്ങളിൽ നിന്ന് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് വരുന്ന രോഗികളും വിദ്യാലയങ്ങളിലേക്കും മദ്രസകളിലേക്കും പോകുന്ന വിദ്യാർഥികളുമാണ് ഏറെ ദുരിതത്തിലായത്. ഒട്ടേറെ ഇരുചക്രവാഹന യാത്രക്കാരാണ് ചെളിയിൽ തെന്നിവീഴുന്നതെന്ന് നാട്ടുകാർ പറയുന്നു. അപകടാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.