തിരുവമ്പാടിയിലെ വെള്ളക്കെട്ട്; പരിഹരിക്കാൻ പദ്ധതി വേണമെന്നാവശ്യം

തിരുവമ്പാടി: അഴുക്കുചാൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടും ടൗണിലെ വെള്ളക്കെട്ട് പ്രശ്നത്തിന് ഇനിയും ശാശ്വത പരിഹാരം കണ്ടെത്താൻ സാധിക്കാതെ അധികൃതർ. ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിൽ ബസ് സ്റ്റാൻഡ്, കൂടരഞ്ഞി റോഡ് എന്നിവിടങ്ങളിൽ ഏറെ നേരം വെള്ളക്കെട്ട് രൂപപ്പെട്ടു.
കഴിഞ്ഞ വർഷം ഗ്രാമപ്പഞ്ചായത്ത് കൂടുതൽ വിസ്താരത്തോടെ അഴുക്കുചാൽ നവീകരിച്ചിരുന്നെങ്കിലും ശാശ്വത പരിഹാരമാകുന്നില്ല. ഉയരം കൂടിയ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന മാലിന്യം കൂടരഞ്ഞി റോഡ് പരിസരത്തെ തോട്ടിലേക്ക് ഒഴുക്കിവിടാൻ പാകത്തിലാണ് പുതിയ അഴുക്കുചാൽ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ബസ് സ്റ്റാൻഡ് കവാടത്തിൽ കൂടരഞ്ഞി റോഡിലും ബസ് സ്റ്റാൻഡിന്റെ മറുഭാഗത്തെ പ്രവേശന കവാടത്തിലും അഴുക്കുചാൽ നവീകരിച്ചിരുന്നു. തിരുവമ്പാടി-കൂടരഞ്ഞി പി.ഡബ്ല്യു.ഡി റോഡ് നവീകരണ പ്രവൃത്തി നടത്താത്തതാണ് ഹൈസ്കൂൾ റോഡിൽ വെള്ളക്കെട്ട് പ്രശ്നം രൂക്ഷമാക്കുന്നത്.
അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്ത് അഴുക്കുചാലുകൾ ഇനിയും നവീകരിക്കേണ്ടതുണ്ട്. ബസ് സ്റ്റാൻഡിന്റെ മറുഭാഗത്തുകൂടെ കടന്നുപോകുന്ന കൈതപ്പൊയിൽ-അഗസ്ത്യൻമൂഴി റോഡാകട്ടെ നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. ടൗണിൽ പോലും ഇനിയും അഴുക്കുചാൽ നിർമാണം പൂർത്തിയാക്കിയിട്ടില്ല. ഹൈസ്കൂൾ റോഡിലെ തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തിയതും പ്രശ്നം സങ്കീർണമാക്കി.