തിരുവമ്പാടിയിലെ 60 പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് പട്ടയവിതരണം നടത്തി

തിരുവമ്പാടി: താമരശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കൊടക്കാട്ടുപാറ വാർഡിലെ മേലെ പൊന്നാങ്കയം, ഓളിക്കൽ, ആനക്കാംപൊയിൽ വാർഡിലെ ഓടപ്പൊയിൽ എന്നിവിടങ്ങളിലെ 60 പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. സർക്കാരുകളുടെ ഇടപെടലുകളിലൂടെ അടിസ്ഥാന സൗകര്യ വികസനം സാധ്യമായ കോളനികളിൽ വീടിനും ഭൂമിക്കും രേഖകൾ ഇല്ല എന്ന കാലങ്ങളായുള്ള പ്രശ്നത്തിനാണ് സർക്കാരിന്റെ ഇടപെടലിലൂടെ പരിഹാരമായത്. പുല്ലൂരാംപാറ സി.ജെ.എം ഓഡിറ്റോറിയത്തിൽ റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ പട്ടയ വിതരണം ഉദ്ഘാടനം ചെയ്തു. മേലെ പൊന്നാങ്കയം കോളനിയിലെ 48 കുടുംബങ്ങൾ, ഓടപ്പൊയിൽ കോളനിയിലെ 10 കുടുംബങ്ങൾ, ഓളിക്കൽ കോളനിയിലെ 2 കുടുംബങ്ങൾ എന്നിവർക്കാണ് മന്ത്രി പട്ടയം കൈമാറിയത്.
സാധാരണയായി കോഴിക്കോട് കലക്ടറേറ്റ് കേന്ദ്രീകരിച്ചാണ് ലാൻഡ് ട്രിബൂണൽ ഹിയറിങ് നടത്താറുണ്ടായിരുന്നത്. എന്നാൽ ട്രൈബൽ കോളനി നിവാസികൾക്ക് വേഗത്തിൽ പട്ടയം ലഭ്യമാക്കുക എന്ന ലകഷ്യത്തോടെ റവന്യൂ മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം തിരുവമ്പാടി പഞ്ചായത്തിൽ ഹിയറിങ് നടത്തുകയും ഇതുപ്രകാരം അവർ കൈവശം വെച്ച ഭൂമിക്ക് എൽടി പട്ടയം വളരെ വേഗത്തിൽ നൽകാൻ വഴിയൊരുക്കുകയും ചെയ്തു. 2023 ജൂണിൽ സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന കോഴിക്കോട് ജില്ലയിലെ പട്ടയ മേളയിൽ 8,216 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഈ വർഷം അർഹരായ പട്ടയ രഹിതർക്ക് പട്ടയം സമയബന്ധിതമായി വിതരണം ചെയ്യുന്നതിനായി രൂപപ്പെടുത്തിയ പട്ടയമിഷന്റെ ഭാഗമായി ജില്ലയിൽ പട്ടയ പ്രശ്നം അഭിമുഖീകരിക്കുന്ന എല്ലാ കുടുംബങ്ങളെയും ജനപ്രതിനിധികൾ മുഖേന കണ്ടെഞ്ഞത്തിയിരുന്നു. പട്ടയ ഡാഷ് ബോർഡിൽ അവരെ ഉൾപ്പെടുത്തി പ്രശ്നം പരിഹരിക്കുന്നതിനുള്ള യജ്ഞം താലൂക്ക് തലത്തിൽ നടപ്പിലാക്കി വരുന്നു. ഇതിന്റെ ഭാഗമായി വളരെ കാലമായി ഭൂമി കൈവശം വെച്ചു വരുന്ന എന്നാൽ മതിയായ രേഖകൾ കൈവശം ഇല്ലാത്ത കുടുംബങ്ങളെ പട്ടയ അസംബ്ലി വഴി കണ്ടെത്തി അവർക്ക് പട്ടയം നൽകുവാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.