Thiruvambady

മുത്തപ്പൻപുഴയിൽ ജനവാസമേഖലയിൽ ഒറ്റയാൻ ഇറങ്ങി

തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ മുത്തപ്പൻപുഴയിൽ ജനവാസമേഖലയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെയാണ് മുത്തപ്പൻപുഴ സെയ്ന്റ് സെബാസ്റ്റ്യൻസ് ചർച്ച് വളപ്പിലും പരിസരങ്ങളിലെ കൃഷിയിടങ്ങളിലും ഒറ്റയാനിറങ്ങിയത്.

വെള്ളരിമലയോട് ചേർന്നുകിടക്കുന്ന കനിയാട്, ഏലത്തോട്ടം വനമേഖലയിൽ നിന്നാണ് ഇവിടേക്ക് കാട്ടാനയെത്തുന്നത്. ജലവിതാനം കുറഞ്ഞതോടെ ഇരുവഴിഞ്ഞിപ്പുഴ നീന്തിക്കടന്നാണ് ഒറ്റയാനെത്തിയത്. അംബേദ്കർ ആദിവാസി കോളനി അന്തേവാസികൾ ഉൾപ്പെടെ നൂറു കണക്കിന് കർഷക കുടുംബങ്ങൾ അധിവസിക്കുന്ന പ്രദേശമാണിത്. മുത്തപ്പൻപുഴ സെയ്ന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ സമീപത്തുണ്ട്.

കോടഞ്ചേരി-തിരുവമ്പാടി പഞ്ചായത്ത് അതിർത്തിയിലെ കണ്ടപ്പൻചാൽ മുതൽ കളരിക്കൽ, മുത്തപ്പൻപുഴ, മൈനാവളവ്, മറിപ്പുഴ ഭാഗങ്ങളിൽ സൗരോർജവേലി സ്ഥാപിച്ചാലേ കാട്ടാനകളുടെ ശല്യത്തിൽനിന്നും ശാശ്വത പരിഹാരമാകൂ. എന്നാൽ അതിർത്തി സംബന്ധിച്ച് കർഷകരും വനംവകുപ്പും തമ്മിൽ തർക്കം നിലനിൽക്കുന്നത് കാരണം ഈ ഭാഗങ്ങളിൽ വേലി സ്ഥാപിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.

Related Articles

Leave a Reply

Back to top button