സ്റ്റേഷനിൽ നിന്ന് മണ്ണുമാന്തിയന്ത്രം കടത്തിയ കേസിൽ എസ്.ഐ നൗഷാദിന് മുൻകൂർ ജാമ്യം
മുക്കം: മുക്കം പോലീസ് കസ്റ്റഡിയിലെടുത്ത മണ്ണുമാന്തിയന്ത്രം കടത്തിയ കേസിലെ പ്രതി മുൻ എസ്.ഐ ടി.ടി നൗഷാദിന് മുൻകൂർ ജാമ്യം. നൗഷാദ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഉപാധികളോടെയാണ് കോഴിക്കോട് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. 2 പേരുടെ ആൾ ജാമ്യത്തിനും 50000 രൂപ ബോണ്ടിനും പുറമേ അന്വേഷണ ഉദ്യോഗസ്ഥനുമായി സഹകരിക്കണമെന്നും എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും രാജ്യം വിടരുതെന്നും ഉപാധിയുണ്ട്.
മണ്ണുമാന്തിയന്ത്രം കടത്തിയ കേസിൽ അന്നത്തെ എസ്.ഐയായിരുന്ന നൗഷാദിനെതിരേ ഒട്ടേറെ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. കൃത്യത്തിൽ നൗഷാദ് നേരിട്ട് പങ്കാളിയായെന്ന് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയാണിത്. പ്രതികളുടെ വാഹന ത്തിൽ സ്റ്റേഷൻ പരിസരത്തെത്തിയ നൗഷാദ് വാഹനത്തിൽ നിന്നിറങ്ങുന്നതിന്റെയും പ്രതികൾക്ക് വേണ്ട നിർദേശം നൽകുന്നതിന്റെയും ദൃശ്യങ്ങൾ സമീപത്തെ കെട്ടിടത്തിലെ ക്യാമറയിൽ പതിഞ്ഞിരുന്നു. സംഭവ ദിവസം രാത്രി നൗഷാദ് മാവൂരിലെ വീട്ടിൽനിന്ന് മുക്കത്തെത്തിയതായും മണ്ണുമാന്തിയന്ത്രം കടത്തിയശേഷം മാവൂരിലേക്ക് തിരിച്ചുപോയതായും മൊബൈൽ ലൊക്കേഷൻ പരിശോധനയിൽ വ്യക്തമായിരുന്നു.
കേസിലെ പ്രധാന പ്രതികളിലൊരാളായ ബഷീർ ഇപ്പോഴും ഒളിവിലാണ്. ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം താമരശ്ശേരി കോടതി തള്ളിയിരുന്നു. കേസിൽ അറസ്റ്റിലായ മറ്റു 6 പ്രതികൾക്ക് നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ പ്രതികൾ മണ്ണുമാന്തിയന്ത്രം കടത്തിയതുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിപ്പിച്ച യുവാവിനെ കഴിഞ്ഞ ദിവസം മർദിച്ചിരുന്നു.