Kerala

അയ്യപ്പഭക്തരുമായി അതിസാഹസിക യാത്ര; വാഹനം കസ്റ്റഡിയില്‍ എടുത്ത് പോലീസ്

കൊട്ടാരക്കര: അപകടമുണ്ടാക്കുന്ന രീതിയില്‍ പാഞ്ഞ അയ്യപ്പ ഭക്തരുടെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോര്‍ വാഹന നിയമലംഘനത്തിനും മാര്‍ഗ തടസമുണ്ടാക്കിയതിനുമാണ് കൊട്ടാരക്കര പോലീസ് കേസെടുത്ത് വാഹനം പിടിച്ചെടുത്തത്. അലങ്കരിച്ച ജീപ്പിന് മുകളില്‍ കെട്ടിവച്ച ബോക്‌സിന് മുകളിലായിരുന്നു ചിലരുടെ യാത്ര.

തിങ്കളാഴ്ച വൈകുന്നേരമാണ് ആയൂര്‍ മുതല്‍ കൊട്ടാരക്കര വരെ ഗതാഗത തടസ്സമുണ്ടാക്കി വാഹനം ചീറിപാഞ്ഞു പോയത്. അപകടരമായ രീതിയിലുള്ള വാഹനയോട്ടം അതുവഴി പോയ മറ്റു വാഹനയാത്രക്കാര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചുവെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നു. എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതേതുടര്‍ന്നാണ് കൊല്ലം റൂറല്‍ എസ്പി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്.

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരാണെന്ന് മനസിലായതോടെ ഇലവുങ്കലുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ ക്യാമറ വഴി വാഹനത്തിന്റെ നമ്പറെടുത്തു. ആറ്റിങ്ങലില്‍ രജിസ്റ്റര്‍ ചെയ്ത ജീപ്പ് പോലീസ് പിടിച്ചെടുക്കുകയായിരുന്നു. അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയില്‍ ഉച്ചഭാഷിണിയും അലങ്കാരവുമായുള്ള ശബരിമലയാത്ര പാടില്ലെന്ന നിര്‍ദ്ദേശം മറികടന്നാല്‍ നടപടി തുടരുമെന്ന് കൊല്ലം റൂറല്‍ എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button