പുലിയല്ല കടുവ തന്നെ, താമരശ്ശേരിയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനംവകുപ്പ്; കടുവസാന്നിധ്യം സ്ഥിരീകരിച്ചതിന്റെ ആശങ്കയിൽ ചുരം മേഖല
അടിവാരം: താമരശ്ശേരി ചുരത്തിൽ വന്യജീവിസാന്നിധ്യം പുതുമയുള്ള കാര്യമല്ല. കുരങ്ങ്, മലയണ്ണാൻ, മാൻ, കാട്ടുപോത്ത്, കാട്ടാന തുടങ്ങി പുള്ളിപ്പുലിയുടെ സാന്നിധ്യംവരെ ചുരം പാതയോട് ചേർന്നുള്ള മേഖലകളിലുണ്ട്.
വ്യാഴാഴ്ച പുലർച്ചെ ഒമ്പതാം വളവിന് താഴെയുള്ള ചുരംപാത മുറിച്ചുകടക്കുന്ന കടുവയുടെ ദൃശ്യം താമരശ്ശേരി ഹൈവേ പോലീസ് സംഘത്തിന്റെ മൊബൈൽ ക്യാമറയിൽ പതിഞ്ഞതോടെ ചുരത്തിൽ കടുവസാന്നിധ്യം സ്ഥിരീകരിച്ചിരിക്കുകയാണ്. വനഭാഗമായ ചുരത്തിൽ രാത്രികാലങ്ങളിലെ കടുവസാന്നിധ്യത്തിൽ അപൂർവതയില്ലെന്നും ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമാണ് വനംവകുപ്പിന്റെ പക്ഷം.
വ്യാഴാഴ്ച കണ്ട കടുവ ഉപദ്രവകാരിയല്ലെന്നാണ് പ്രാഥമികനിരീക്ഷണം.2020 ജൂൺ മൂന്നിന് രാത്രി താമരശ്ശേരി ചുരത്തിൽ ഒമ്പതാംവളവിന് താഴെയുള്ള ഇടുങ്ങിയഭാഗത്ത് പുലിയെ കണ്ടതായി പിക്കപ്പ് വാൻ ഡ്രൈവറായ കൊട്ടാരക്കോത്ത് ചാലിൽവീട്ടിൽ ടി.എം. റിയാസ് താമരശ്ശേരി പോലീസിൽ വിവരമറിയിച്ചിരുന്നു. 2022 ഫെബ്രുവരി രണ്ടിന് താമരശ്ശേരി ചുരത്തിൽ കടുവയിറങ്ങിയെന്ന തരത്തിലുള്ള സന്ദേശം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചെങ്കിലും അത് വ്യാജമാണെന്നും ദൃശ്യം വാൽപ്പാറ ചുരത്തിലേതാണെന്നും പിന്നീട് വ്യക്തമായി. ഏപ്രിൽ ഏഴിന് രാത്രി പത്തരയോടെ ചുരത്തിലെ ഏഴാംവളവിന് താഴെ കടുവയെ കണ്ടതായി പ്രചരിച്ചു. ബൈക്ക് യാത്രികനായ നജ്മുദ്ദീനായിരുന്നു പോലീസ് കൺട്രോൾ റൂമിലും അഗ്നിരക്ഷാസേനയിലും അറിയിച്ചത്.
എന്നാൽ, കടുവയുടെ കാൽപ്പാടുകൾ ശ്രദ്ധയിൽപ്പെട്ടില്ലെന്നും ചുരത്തിൽ കടുവയെ കാണാനുള്ള സാധ്യത വിരളമാണെന്നുമായിരുന്നു അന്ന് വനംവകുപ്പിന്റെ വിശദീകരണം.
വയനാട് ചുരത്തിലെ ഒൻപതാം വളവിനു താഴെ കടുവയെ കണ്ടെത്തിയ സാഹചര്യത്തിൽ നിരീക്ഷണത്തിനായി വനംവകുപ്പ് രണ്ടു ക്യാമറകൾ സ്ഥാപിച്ചു.ചുരം റോഡിന്റെ രണ്ടുഭാഗത്തുമായാണ് ക്യാമറകൾ വെച്ചത്. ഇതിനൊപ്പം വനംവകുപ്പിന്റെ പട്രോളിങ് സംഘവും രാത്രിയിൽ നിരീക്ഷണം നടത്തുന്നുണ്ടെന്ന് കോഴിക്കോട് ഡി.എഫ്.ഒ. സി. അബ്ദുൽ ലത്തീഫ് പറഞ്ഞു.
അതേസമയം, വെള്ളിയാഴ്ച പുലർച്ചെയും കടുവയെ കണ്ടെന്ന് യാത്രക്കാർ പറഞ്ഞെങ്കിലും അതു ശരിയല്ലെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. പട്രോളിങ് സംഘം ഒൻപതാം വളവിൽ നിലയുറപ്പിച്ചതു കണ്ട് കടുവ വീണ്ടുമിറങ്ങിയിട്ടുണ്ടെന്ന് യാത്രക്കാരൻ തെറ്റിദ്ധരിച്ചതാവാമെന്നാണ് വനംവകുപ്പ് പറയുന്നത്.
അഞ്ചരവയസ്സ് തോന്നിക്കുന്ന പെൺകടുവയെയാണ് കഴിഞ്ഞദിവസം ലോറിഡ്രൈവർ കണ്ടത്. പ്രായംകുറഞ്ഞ പെൺകടുവയായതിനാൽ കുഞ്ഞ് സമീപത്തെവിടെയെങ്കിലും ഉണ്ടാവാമെന്ന് സംശയമുണ്ട്. അതുകൊണ്ട് കൂടുതൽ ദൂരം പോയിട്ടുണ്ടാവില്ലെന്നാണ് കരുതുന്നത്. അതിനാൽ, അടുത്തദിവസവും നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം.