‘ഞങ്ങളും കൃഷിയിലേക്ക്’ മുക്കം നഗരസഭയിൽ തുടക്കമായി

മുക്കം: മുഖ്യമന്ത്രിയുടെ രണ്ടാം നൂറുദിന കർമ പരിപാടിയിൽ ഉൾപെടുത്തി കാർഷിക വികസന വകുപ്പ് നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി മുക്കം നഗരസഭയിൽ ആരംഭിച്ചു. ഓരോ കേരളീയനിലും കാർഷിക സംസ്കാരം ഉണർത്തുക അതുവഴി സ്ഥായിയായ കാർഷിക മേഖലയും ഭക്ഷ്യ സ്വയംപര്യാപ്തതയും സൃഷ്ടിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്ത് നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റുബീന മുസ്തഫ അധ്യക്ഷത വഹിച്ചു. സ്പൈസസ് ബോർഡ് ചെയർമാൻ പി. രാജശേഖരൻ മുഖ്യാതിഥിയായി. കാർഷിക കർമ സേനാംഗങ്ങൾ തയാറാക്കിയ മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം അദ്ദേഹം നിർവഹിച്ചു.
നടീൽ വസ്തുക്കളുടെ പ്രദർശനവും വില്പനയും നടത്തി. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ, കൗൺസിലർമാരായ എം.ടി. വേണുഗോപാലൻ, പി. ജോഷില, വേണു കല്ലുരുട്ടി, കെ. മോഹനൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ ഡോ. പ്രിയ മോഹൻ സ്വാഗതവും അസി. കൃഷി ഓഫിസർ അബ്ദുൽകരീം നന്ദിയും പറഞ്ഞു.







