ഒരേ സെന്‍ററിൽ എസ്എസ്എൽസി പരീക്ഷ എഴുതാനെത്തിയത് 13 ജോഡി ഇരട്ടകള്‍

കൊടിയത്തൂർ : ഒരേതരത്തിലുള്ള യൂണിഫോം ധരിച്ചെത്തി അവർ ഒരേസ്കൂളിൽ എസ്.എസ്.എൽ.സി.യുടെ ആദ്യപരീക്ഷയായ ഒന്നാംഭാഷ എഴുതി. 13 ഇരട്ടസഹോദരർ ആയിരുന്നു ഒരേസ്കൂളിൽനിന്ന് പത്താംതരം കടമ്പകടക്കാനായി തിങ്കളാഴ്ച പേനയെടുത്തത്. കൊടിയത്തൂരിലെ പി.ടി.എം. ഹയർസെക്കൻഡറി സ്കൂളാണ് ഇരട്ടസഹോദരരായ 26 പേർ പരീക്ഷയെഴുതുന്ന അപൂർവസംഗമത്തിന് വേദിയായത്. 877 പരീക്ഷാർഥികളെ അണിനിരത്തി സ്കൂളിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽപേർ എസ്.എസ്.എൽ.സി. പരീക്ഷയ്ക്കിരിക്കുന്ന അതേവർഷംതന്നെയാണ് ഇത്രയും ഇരട്ടകൾ ഒരുമിച്ച് പരീക്ഷയെഴുതുന്നതെന്നതും ഇരട്ടിമധുരമായി. ദേശീയ സെറിബ്രൽ പാൾസി ഫുട്‌ബോൾ മത്സരത്തിൽ ചാമ്പ്യൻമാരായിരുന്ന കേരളടീമംഗം അജ്ഹദ് ഉൾപ്പെടെയുള്ള ഇരട്ടക്കുട്ടികളെല്ലാം പരീക്ഷയുടെ ആദ്യദിനം ഹാജരായി. ഇതിൽ 16 പേർ പെൺകുട്ടികളും പത്തുപേർ ആൺകുട്ടികളുമാണ്. സഹോദരിമാരാണ് ആറ് ജോഡി ഇരട്ടകൾ. ആൺ സഹോദരങ്ങളാണ് മൂന്ന് ജോഡി ഇരട്ടകൾ. സഹോദരനും സഹോദരിയുമുൾപ്പെട്ട നാല് ജോഡിയാണ് ശേഷിച്ച പരീക്ഷാർഥികൾ.
വാലില്ലാപ്പുഴ സ്വദേശികളായ അബ്ദുൽ ജബ്ബാർ-നജ്മുന്നീസ ദമ്പതിമാരുടെ മക്കളായ മുഹമ്മദ് അജ്ഹദ്, മുഹമ്മദ് അജ്‌വദ്, ഓമശ്ശേരി സ്വദേശികളായ എ.പി. ബഷീർ-ബുഷ്‌റ ദമ്പതിമാരുടെ മക്കളായ ഫഹദ് ബഷീർ, റീഹ ഫാത്തിമ, കൊടിയത്തൂർ സ്വദേശികളായ പി.എ. ആരിഫ് അഹമ്മദ്-സുഹൈന ദമ്പതിമാരുടെ മക്കളായ ഹാനി റഹ്മാൻ, ഹാദി റഹ്മാൻ, കൊടിയത്തൂർ സ്വദേശികളായ രവീന്ദ്രൻ-സ്മിത ദമ്പതിമാരുടെ മക്കളായ അമൽ, അർച്ചന, അബൂബക്കർ സുഹറ ദമ്പതിമാരുടെ മക്കളായ അഫ്‌ന, ഷിഫ്‌ന, ഓമശ്ശേരി സ്വദേശികളായ അബ്ദുറഹിമാൻ-സീനാഭായ് ദമ്പതിമാരുടെ മക്കളായ അബിയ ഫാത്തിമ, അഫിയ ഫാത്തിമ, എരഞ്ഞിമാവ് സ്വദേശികളായ അബ്ദുൽ ഗഫൂർ-ബേബി ഷഹ്ന ദമ്പതിമാരുടെ മക്കളായ വി. ഫാസിയ, വി. മുഹമ്മദ് ഫാസിൽ, കാരശ്ശേരി സ്വദേശികളായ മഞ്ചറ ജമാൽ-ജസീന ദമ്പതിമാരുടെ മക്കളായ ഹയ ഫാത്തിമ, ഹന ഫാത്തിമ, മുക്കം സ്വദേശികളായ അൻവർ ഗദ്ദാഫി-ഷഫീന ദമ്പതിമാരുടെ മക്കളായ ഫാത്തിമ ലിയ, ഫാത്തിമ സിയ, പന്നിക്കോട് സ്വദേശികളായ സുരേന്ദ്രബാബു-ഷീജ ദമ്പതിമാരുടെ മക്കളായ കൃഷ്ണേന്ദു, കൃപാനന്ദ്, എരഞ്ഞിമാവ് സ്വദേശികളായ പി.പി. മൻസൂറലി-ലൈലാബി ദമ്പതിമാരുടെ മക്കളായ സൻഹ, മിൻഹ, മാവൂർ സ്വദേശികളായ അബ്ദുറഹിമാൻ-സാബിറ ദമ്പതിമാരുടെ മക്കളായ ഫാത്തിമ റിയ, ആയിശ ദിയ, ഗോതമ്പ്‌റോഡ് സ്വദേശികളായ ഷമീർ-റഫ്‌നീന ദമ്പതിമാരുടെ മക്കളായ എ.എസ്. റിഹാൻ, റിഷാൻ എന്നിവരാണ് പരീക്ഷയ്ക്കെത്തിയ ഇരട്ടസഹോദരങ്ങൾ. ഒരുമിച്ചണിനിരന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തശേഷം ആദ്യദിനം എഴുതിയ ഒന്നാംഭാഷ താരതമ്യേന എളുപ്പമായതിന്റെ ആശ്വാസത്തിലാണ് എല്ലാവരും മടങ്ങിയത്.