Mukkam

മുക്കത്ത് ഭാരത് റൈസ് വിതരണം നടത്തി

മുക്കം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാനുള്ള അടവെന്ന ഭരണ-പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിനിടയിലും ഭാരത് റൈസിന് വൻ ഡിമാൻഡ്. തിങ്കളാഴ്ച രാവിലെ 700 ചാക്ക് അരിയുമായി മുക്കത്തെത്തിയ ലോറി വെറും ഒരുമണിക്കൂറുകൊണ്ട് കാലിയായി. പൊടിപൊടിച്ച കച്ചവടം നടന്നതോടെ അരി കിട്ടാതെ ഒട്ടേറെപ്പേർ നിരാശയോടെ മടങ്ങി. യുവമോർച്ച, ബി.ജെ.പി. പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു അരി വിതരണം.

അരിക്ക് പുറമേ ഈ ബ്രാൻഡിന് കീഴിൽ കേന്ദ്രസർക്കാർ മാവും പയറും വിതരണം ചെയ്യുന്നുണ്ട്. പ്രതീക്ഷിച്ചതിലും ആളുകൾ ഒഴുകിയെത്തിയ പശ്ചാത്തലത്തിൽ ഈയാഴ്ച ഒരു ലോഡ് അരികൂടി എത്തിച്ച് വിതരണം ചെയ്യുമെന്ന് ബി.ജെ.പി. നേതാക്കൾ പറഞ്ഞു. മലയോര മേഖലയിൽ രണ്ടാമത്തെ ലോഡ് അരിവിതരണമാണ് തിങ്കളാഴ്ച നടന്നത്. കഴിഞ്ഞമാസം ഓമശ്ശേരിയിൽ അരിവിതരണം ചെയ്തിരുന്നു.

പൊന്നി ഇനത്തിൽപ്പെട്ട അരിയാണ് കിലോയ്ക്ക് 29 രൂപ നിരക്കിൽ മുക്കത്ത് വിതരണം ചെയ്തത്. മുക്കം പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന അരിവിതരണം നഗരസഭാ കൗൺസിലർ വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി പി.എസ് അഖിൽ അധ്യക്ഷനായി. ബിനോജ് ചേറ്റൂർ, അനിൽകുമാർ ഇടക്കണ്ടി, സി.കെ. വിജയൻ, കൗസ്തുഭം രാജൻ, വിഷ്ണു കൊല്ലേറ്റ, കെ.ടി. മിഥുൻ ദാസ്, ശ്രീനിവാസൻ, നിധിൻ ലാൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button