Kozhikode

ലോക്ക്ഡൗണില്‍ വീട്ടിലിരുത്താന്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ മത്സരവും സമ്മാനവും

കോഴിക്കോട്: ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കപ്പെട്ടതോടെ നിയന്ത്രണങ്ങളിൽ ഏപ്രിൽ 14-ന് ശേഷവും ഇളവുണ്ടാകുമെന്ന പ്രതീക്ഷയില്ല കോഴിക്കോട്ടുകാർക്ക്. ഇതോടെ വിരസമാകുന്ന വീട്ടിലെ ദിനങ്ങളെ സർഗാത്മകമാക്കാൻ മത്സരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം.

ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കുന്ന വ്യത്യസ്തമായവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് മത്സരം. ഓരോ ദിവസവും നൽകുന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള മത്സരത്തിൽ പങ്കെടുത്ത് നിർദേശിച്ചിട്ടുള്ള സമയത്തിനകം സൃഷ്ടികൾ കമന്റായി പോസ്റ്റ് ചെയ്താൽ മതി.

ഈ ജനലിനപ്പുറം എന്ന വിഷയത്തിൽ ഫോട്ടോഗ്രാഫി മത്സരമാണ് ഇന്നത്തെ വിഷയം. രാത്രി 11 മണിവരെ ഫോട്ടോ പോസ്റ്റ് ചെയ്യാം. ഒരാൾക്ക് മൂന്ന് ഫോട്ടോ വരെയെങ്കിലും പോസ്റ്റ് ചെയ്യുകയുമാവാം. വിജയികൾക്ക് സമ്മാനം വീട്ടിലെത്തും. നിബന്ധനകൾ സ്വന്തമായി മൊബൈലിൽ പകർത്തുന്ന ചിത്രങ്ങൾ മാത്രമേ അനുവദിക്കൂ. എഡിറ്റ് ചെയ്ത ഫോട്ടോകൾ അനുവദിക്കില്ല. ഷെയർ ചെയ്യാതെ സോഴ്സുകളിൽ നിന്ന് നേരിട്ട് പോസ്റ്റ് ചെയ്യുക.

ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന ഫോട്ടോസ്, ഡിജിറ്റൽ ക്യാമറയിൽ എടുക്കുന്ന ചിത്രങ്ങൾ എന്നിവ ഒരു കാരണവശാലും അനുവദനീയമല്ല. സ്വന്തമായോകുടുംബാംഗങ്ങൾ എടുത്തതോ ആയ ഫോട്ടോകൾ മാത്രമേ അനുവദിക്കുകയുള്ളൂ. സ്പാം, അശ്ലീലച്ചുവയുള്ള പോസ്റ്റുകൾ, സെൽഫി എന്നിവ ഒഴിവാക്കുക.

ഭരണഘടനാ വിരുദ്ധമായതോ, ദേശീയ പതാക, ദേശീയ ചിഹ്നങ്ങൾ, മത-സാമുദായിക പ്രതീകങ്ങൾ എന്നിവയെ അവഹേളിക്കുന്ന തരത്തിലുള്ളതോ ആയ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ പാടുള്ളതല്ല. മൃഗ, ശിശു പീഡനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങൾ, മറ്റൊരാളിന്റെ സ്വകാര്യതയെ ഹനിക്കുന്ന ചിത്രങ്ങൾ എന്നിവയും അനുവദനീയമല്ല. സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള കമന്റുകൾ, വ്യക്തിഹത്യ നടത്താൻ ഉദ്ദേശിച്ചുള്ള പരാമർശങ്ങൾ എന്നിവ ഒഴിവാക്കുക.

പോസ്റ്റ് ചെയ്യുന്ന ഫോട്ടോ എടുത്ത മൊബൈൽ ബ്രാൻഡ്, ഫോട്ടോ എടുത്ത സമയം, പേര്, വയസ്സ് എന്നിവ ഫോട്ടോയോടൊപ്പം കൃത്യമായി രേഖപ്പെടുത്തണം. ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന 2 ഫോട്ടോകൾക്കും, വിദഗ്ദ്ധർ തെരഞ്ഞെടുക്കുന്ന ഒരു ഫോട്ടോയ്ക്കും സമ്മാനങ്ങൾ ഉണ്ടാവും. നിങ്ങളുടെ ഫോട്ടോകൾ ഈ പോസ്റ്റിനു കീഴിൽ കമന്റ് ആയിട്ടാണ് പോസ്റ്റ് ചെയ്യേണ്ടത്. മെസ്സേജ് ആയോ, ടാഗ് ചെയ്യുന്നതുമായ ഫോട്ടോകൾ പരിഗണിക്കുന്നതല്ല.

Related Articles

Leave a Reply

Back to top button