Puthuppady

പുതുപ്പാടി കുടുംബാരോഗ്യകേന്ദ്രവും പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവിഭാഗവും ചേർന്ന് പഞ്ചായത്ത് പരിധിയിലെ തെരുവോരക്കടകളിൽ മിന്നൽ പ്പരിശോധന

പുതുപ്പാടി : പുതുപ്പാടി കുടുംബാരോഗ്യകേന്ദ്രവും പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവിഭാഗവും ചേർന്ന് പഞ്ചായത്ത് പരിധിയിലെ തെരുവോരത്തെ ഭക്ഷ്യോത്പന്ന, പാനീയ വിപണനകേന്ദ്രങ്ങളിൽ മിന്നൽപ്പരിശോധന നടത്തി. മഞ്ഞപ്പിത്തവും മറ്റു ജലജന്യരോഗങ്ങളും വ്യാപകമാവുന്ന സാഹചര്യത്തിലുള്ള പ്രതിരോധനടപടികളുടെ ഭാഗമായായിരുന്നു രാത്രികാലപരിശോധന. മലപുറം, എലോക്കര, വെസ്റ്റ് പുതുപ്പാടി, കൈതപ്പൊയിൽ, അടിവാരം, താമരശ്ശേരി ചുരം നാലാംവളവ് എന്നിവിടങ്ങളിൽ റോഡരികിലെ സ്ഥാപനങ്ങളിൽനിന്ന് ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഗുണമേന്മയില്ലാത്ത ഐസുകളും കാലാവധി കഴിഞ്ഞ ഭക്ഷണ പാക്കറ്റുകളും പരിശോധനയിൽ കണ്ടെത്തി. ജലപരിശോധനാ സർട്ടിഫിക്കറ്റും ഹെൽത്ത് കാർഡും പ്രദർശിപ്പിക്കാത്ത മൂന്നു സ്ഥാപനങ്ങൾ പൂട്ടി.

ഹെൽത്ത് ഇൻസ്പെക്ടർ അജയ്‌കുമാർ നാഗത്തിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാബി, ബഷീർ, ഫർഹാന, ജിമേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ ഭക്ഷ്യോത്പന്നങ്ങൾ വിപണനം ചെയ്യുന്ന സ്ഥാപനങ്ങളിൽ വരുദിവസങ്ങളിലും പരിശോധന നടത്തി കർശനനടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൽ ജമാൽ അറിയിച്ചു.

Related Articles

Leave a Reply

Back to top button