രോഗി ആംബുലൻസിന്റെ ചില്ലു തകർത്ത് പുറത്തുചാടി
മുക്കം : മദ്യലഹരിയിലായിരുന്ന രോഗി 108 ആംബുലൻസിന്റെ ചില്ലു തകർത്ത് പുറത്തു ചാടി. നിലമ്പൂർ സ്വദേശി നിസാറാണ് ചില്ലുതകർത്ത് പുറത്തേക്കു ചാടിയത്. ഇയാളുടെ തലയ്ക്കും കൈക്കും പരിക്കുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മുക്കം വെസ്റ്റ് മണാശ്ശേരിയിലായിരുന്നു സംഭവം. മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് സംഭവം.
വെസ്റ്റ് മണാശ്ശേരിയിൽ എത്തിയപ്പോൾ ഇയാൾ അക്രമാസക്തമായതിനെത്തുടർന്ന് ആംബുലൻസ് നിർത്തിയ സമയത്താണ് ഗ്ലാസ് തകർത്ത് പുറത്ത് ചാടിയത്. ആംബുലൻസ് ജീവനക്കാർ പോലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് മുക്കം പോലീസ് സംഭവ സ്ഥലത്തെത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ, ആംബുലൻസിൽനിന്ന് ഇറങ്ങിയോടിയ നിസാറിനെ മണാശ്ശേരി അങ്ങാടിയിൽ കണ്ടെത്തി.
പോലീസുകാരുടെ ഏറെ സമയത്തെ ശ്രമത്തിനൊടുവിൽ നിസാറിനെ അനുനയിപ്പിച്ച് രണ്ട് പോലീസുകാരുടെ നേതൃത്വത്തിൽ അതേ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. നിസാറിന് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.