എൻ.ഐ.ടി. നെതർലൻഡ്‌സ് ഇനവേഷൻ നെറ്റ്‌വർക്കുമായി ചർച്ചനടത്തി
മുക്കം : അധ്യാപകർക്കും വിദ്യാർഥികൾക്കും നെതർലൻഡ്‌സിലെ വിവിധ സർവകലാശാലകളുമായി ഗവേഷണ സഹകരണത്തിനുള്ള സാധ്യതകൾ തേടി എൻ.ഐ.ടി.സി.യിലെ മുതിർന്ന അധ്യാപകർ നെതർലൻഡ്‌സ് ഇനവേഷൻ നെറ്റ്‌വർക്ക് ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. നെതർലൻഡ്‌സ് ഇനവേഷൻ നെറ്റ്‌വർക്കിലെ സയൻസ്, ടെക്‌നോളജി, ഇനവേഷൻ എന്നിവയുടെ അറ്റാഷെ സാന്ദ്ര കലിഡിയൻ, നെതർലൻഡ്‌സ് കിങ്ഡം കോൺസുലേറ്റിലെ കോൺസൽ ജനറൽ ഇവൗട്ട് ഡി വിറ്റി എന്നിവരുമായാണ് ചർച്ച നടത്തിയത്.
ഗവേഷണ സഹകരണത്തിനുള്ള അവസരങ്ങളും, ബയോ എനർജി, ഹൈഡ്രജൻ പ്രോജക്ടുകൾ എന്നിവയിൽ കൂട്ടായ പ്രവർത്തനത്തിനുള്ള സാധ്യതകളും സംഘം ചർച്ചചെയ്തു. ഡിജിറ്റൽ ആരോഗ്യം, ഹൈഡ്രജൻ, ബയോഫൈനറികൾ, സൈബർ സുരക്ഷ, അർധചാലകങ്ങൾ, ഇ-മൊബിലിറ്റി എന്നിവയുൾപ്പെടെ നെതർലൻഡിലെ പ്രധാന ഗവേഷണ സംരംഭങ്ങളെ കുറിച്ച് സാന്ദ്ര കാലിഡിയൻ സംസാരിച്ചു.
ഗവേഷണ സഹകരണത്തെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾ വരുംദിവസങ്ങളിൽ നടത്തും. എൻ.ഐ.ടി.സി ഡയറക്ടർ ഇൻ ചാർജ് പ്രൊഫ. ജെ. സുധാകുമാർ, നെതർലൻഡ്‌സ് ഇനവേഷൻ നെറ്റ്‌വർക്ക് ഇന്ത്യയുടെ ഉപദേഷ്ടാവ് അരുൺ തെക്കേടത്ത്, ഇൻ്റർനാഷണൽ അലംനി, കോർപ്പറേറ്റ് റിലേഷൻസ് ഡീൻ പ്രൊഫ. എം.കെ.രവിവർമ, ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗം മേധാവി പ്രൊഫ. മുഹമ്മദ് ഫിറോസ്, കെമിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. പനീർശെൽവം രംഗനാഥൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.