Local

കോടഞ്ചേരി പഞ്ചായത്തിൽ 3 ദിവസത്തിനിടെ 10 കാട്ടുപന്നികളെ വെടിവച്ചുകൊന്നു

കോടഞ്ചേരി: പഞ്ചായത്തിന്റെ നേതൃത്വത്തിൽ, തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈൽഡ് ലൈഫ് ട്രാൻക്വിൻ ഫോഴ്സ് എന്ന സന്നദ്ധ സംഘടനയുടെ 3 ഷൂട്ടർമാരുടെ സഹായത്തോടെ 3 ദിവസമായി കൃഷിയിടങ്ങളിൽ നടത്തിയ കാട്ടുപന്നി വേട്ടയിൽ 10 എണ്ണത്തിനെ വെടിവച്ചു കൊന്നു.ജനകീയ പങ്കാളിത്തതോടെ ജനപ്രതിനിധികളുടെയും കർഷകരുടെയും സഹകരണത്തോടെയാണു കഴിഞ്ഞ 3 ദിവസം രാത്രി കൃഷിയിടങ്ങളിൽ ഇറങ്ങിയ കാട്ടുപന്നികളെ കൊന്നത്. 

മുൻ ദേശീയ ഷൂട്ടിങ് ചാംപ്യൻ നവാബ് ഷഫാത്ത് അലിഖാൻ, അസ്കർ അലിഖാൻ, പെർവാർ ശാന്തജി എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണു കൃഷിയിടങ്ങളിൽ ഇറങ്ങിയ കാട്ടുപന്നികളെ വെടിവച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, സ്ഥിരം സമിതി അധ്യക്ഷൻ ജോസ് പെരുമ്പള്ളി, പഞ്ചായത്ത് അംഗങ്ങളായ വാസുദേവൻ ഞാറ്റുകാലായിൽ, ചാൾസ് തയ്യിൽ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിലെ ഒന്ന്, അഞ്ച്, ആറ്, 12, 13, 14, 17, 19, 20 എന്നീ വാർഡുകളിൽ നിന്നാണ് ഷൂട്ടർമാർ കാട്ടുപന്നികളെ വെടിവച്ചു കൊന്നത്. ഇന്നലെ ഉച്ചയോടെ ഷൂട്ടർമാരുടെ സംഘം തെലങ്കാനയിലേക്കു തിരിച്ചു പോയി.

Related Articles

Leave a Reply

Back to top button