അവധിക്കാലത്തും വായനയുടെ മധുരം പകർന്ന് കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ
കൊടിയത്തൂർ: അധ്യയന സമയത്ത് വിദ്യാർത്ഥികൾ നേടിയ ഭാഷാ നൈപുണികൾ കാത്തുസൂക്ഷിക്കാനും കുരുന്നു മനസ്സുകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്താനും ലക്ഷ്യമിട്ട് തയ്യാറാക്കിയ അക്ഷരമാധുരം പദ്ധതിക്ക് കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ തുടക്കമായി.
സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന മലയാള മധുരം പരിപാടിയുടെ ഭാഗമായാണ് അവധിക്കാലത്ത് വിദ്യാർത്ഥികൾക്ക് സചിത്ര കഥാപുസ്തകങ്ങൾ നൽകുന്ന പദ്ധതിക്ക് തുടക്കമിട്ടത്. രക്ഷിതാക്കളുടെ സഹായത്തോടെ വിദ്യാർഥികളിൽ വായനാശീലം വളർത്താനും വായിച്ച പുസ്തകങ്ങളെക്കുറിച്ച് പറയാനും എഴുതാനും കഥ മാറ്റി പറയാനും പരിശീലിപ്പിക്കുന്നതിന് ഒപ്പം ഒട്ടേറെ സർഗ്ഗാത്മക പ്രവർത്തനങ്ങളും ഇതോടൊപ്പം ആവിഷ്കരിച്ചിട്ടുണ്ട്. ആഴ്ചയിൽ ഒരു പുസ്തകം എന്ന നിലയിൽ എട്ടു പുസ്തകങ്ങളാണ് വിദ്യാർഥികൾക്ക് നൽകുക. ഓരോ ആഴ്ചയിലും നൽകേണ്ട തുടർ പ്രവർത്തനങ്ങൾ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ അധ്യാപികമാർ നൽകുകയും അവ വിലയിരുത്തുകയും രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യും.
സ്കൂളിൽ നടന്ന പുസ്തക വിതരണ പരിപാടി സംസ്ഥാന റിസോഴ്സ് പേഴ്സൺ കെ.എസ് ഹാഷിദ് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് നൗഫൽ പുതുക്കു ടി അധ്യക്ഷത വഹിച്ചു. മാവൂർ ബ്ലോക്ക് റിസോഴ്സ് സെൻറർ കോ ഓ ഡിനേറ്റർ പദ്ധതി വിശദീകരണം നൽകി. ഹെഡ്മാസ്റ്റർ ഇ കെ അബ്ദുൽ സലാം, സീനിയർ അസിസ്റ്റന്റ് എം.കെ ഷക്കീല, എസ്.ആർ.ജി കൺവീനർമാരായ എം.പി ജസീദ, പി അനിത അധ്യാപകരായ പ്രഭാവതി, ജുനൈഹ പർവീൻ, ഐ അനിൽകുമാർ, യു.കെ ജസീല, തുടങ്ങിയവർ സംസാരിച്ചു.