മുക്കം നഗരസഭയിൽ ദുരന്തനിവാരണ സമിതി രൂപീകരിച്ചു
![](https://thiruvambadynews.com/wp-content/uploads/2021/06/mukkam.jpg)
മുക്കം : മുക്കം നഗരസഭദുരന്തനിവാരണ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് നഗരസഭ ചെയർമാൻ ബാബു പി അധ്യക്ഷതയിൽ അടിയന്തര യോഗം ഇ എം എസ് ഹാളിൽ വച്ചുചേർന്നു. നഗരസഭ ചെയർപേഴ്സൺ അഡ്വ:ചാന്ദിനി സ്വാഗതം പറഞ്ഞു. സി സി എം സജി കെ എം കാര്യങ്ങൾ വിശദീകരിച്ചു യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, കൗൺസിലർമാർ ഫയർഫോഴ്സ്,വില്ലേജ് ഓഫീസ്, കെഎസ്ഇബി, പി ഡബ്ല്യു ഡി, ആരോഗ്യവകുപ്പ് സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവർ പങ്കെടുത്തു. മുക്കം നഗരസഭയിൽ ദുരന്തനിവാരണ സമിതി രൂപീകരിക്കുകയും, കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കുവാനും തീരുമാനിച്ചു. കൺട്രോൾറൂം നമ്പർ:9188955277
മഴക്കാല ദുരന്തങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി നഗരസഭാ പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുള്ളതും മനുഷ്യജീവനും സ്വത്തിനും അപകടകരമാം വിധം ചരിഞ്ഞു നിൽക്കുന്ന മരങ്ങൾ/ ശിഖരങ്ങൾ എന്നിവ അടിയന്തരമായി വെട്ടി മാറ്റി അപകടങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് നഗരസഭ. പരസ്യ ബോർഡുകൾ, ഹോർഡിംഗുകൾ എന്നിവ എത്രയും പെട്ടെന്ന് നീക്കം ചെയ്ത് അപകട സാധ്യത ഒഴിവാക്കേണ്ടതാണ് കൂടാതെ സ്വകാര്യ ഭൂമിയിലും മറ്റും കുറ്റിക്കാടുകളും, പുല്ലും വളർന്നു കുറുക്കൻ, മരപ്പട്ടി, കീരി, കാട്ടുപന്നി, വിഷ പാമ്പുകൾ, മറ്റു ക്ഷുദ്രജീവികൾ എന്നിവയുടെ വാസസ്ഥലമാക്കി പരിസരവാസികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടും ശല്യവും, ജീവന് ഭീഷണിയും സൃഷ്ടിക്കുന്നത് ഒഴിവാക്കേണ്ടതും സ്ഥലത്തിൻറെ ഉടമയുടെ നിയമപരമായ ചുമതലയാണ്.
അപ്രകാരം ചെയ്യാത്തത് മൂലം ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളോ, വസ്തുവഹകൾക്കുള്ള നഷ്ടങ്ങളോ സംഭവിച്ചു കഴിഞ്ഞാൽ ആയതിന് പൂർണ്ണ ഉത്തരവാദി വസ്തുവിന്റെ ഉടമസ്ഥൻ ആയിരിക്കുന്നതാണ് ഇവർക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമം, കേരള മുനിസിപ്പാലിറ്റി ആക്ട് എന്നിവ പ്രകാരം നിയമനടപടികൾ സ്വീകരിക്കുന്നതാണ്. ആയതിനാൽ മഴക്കാലം ആസന്നമായ സാഹചര്യത്തിൽ സ്വകാര്യഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഇത്തരം അപകടകരമായ മരങ്ങൾ, മരത്തിൻറെ ശിഖരങ്ങൾ, പരസ്യ ബോർഡുകൾ / ഹോർഡിങ്ങുകൾ, കുറ്റിക്കാടുകൾതുടങ്ങിയവ 24 മണിക്കൂറിനകം നീക്കം ചെയ്ത് അപകടം ഒഴിവാക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.