കൃഷിയിറക്കി വിളവെടുത്ത് ലഭിച്ച പണം കൊണ്ട് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ച് മുക്കം അഗ്നിരക്ഷാസേന
മുക്കം : അഗ്നിരക്ഷാനിലയത്തിൽ കൃഷിയിറക്കി വിളവെടുത്ത് ലഭിച്ച പണം കൊണ്ട് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ച് അഗ്നിരക്ഷാസേനാംഗങ്ങൾ. മുക്കം അഗ്നിരക്ഷാനിലയത്തിലെ സേനാംഗങ്ങളാണ് കൃഷിയുടെയും കരുണയുടെയും പുതുമാതൃക തീർത്തത്. മുക്കം അഗ്നിരക്ഷാനിലയം സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് മുക്കം കൃഷിഭവനുമായി സഹകരിച്ച് അഗ്നിരക്ഷാനിലയത്തിന്റെയും സിവിൽസ്റ്റേഷന്റെയും പരിസരത്ത് കൃഷിയൊരുക്കിയത്. കൃഷിയിലൂടെ ലഭിച്ച വരുമാനം സമീപത്തെ സ്കൂളിലെ നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങിനൽകാൻ ഉപയോഗിക്കുകയായിരുന്നു.
പയർ, വെണ്ട, പച്ചമുളക്, വഴുതിന, കപ്പ എന്നിവയാണ് കൃഷിചെയ്തത്. സർക്കാർ സ്ഥാപനങ്ങളുടെ വളപ്പിലും ഗ്രോബാഗുകളിലുമായാണ് കൃഷിയൊരുക്കിയത്. തരിശായിക്കിടന്ന ഭൂമികിളച്ച് കൃഷിയോഗ്യമാക്കിയതും വിത്തുവിതച്ചതും പരിപാലിച്ചതുമെല്ലാം അഗ്നിരക്ഷാസേനാംഗങ്ങളാണ്. സേനാംഗങ്ങളുടെ നന്മ തിരിച്ചറിഞ്ഞ കൃഷിഓഫീസർ ടിൻസി ടോം ആവശ്യമായ നിർദേശങ്ങളും ജൈവവളവും നൽകിയതോടെ മണ്ണിൽ പൊന്നുവിളഞ്ഞു. ബാഗ്, കുട, പുസ്തകങ്ങൾ, ചോറ്റുപാത്രം തുടങ്ങിയവയെല്ലാം അടങ്ങിയ സ്കൂൾകിറ്റാണ് എട്ടുവിദ്യാർഥികൾക്ക് സമ്മാനിച്ചത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തിയുടെ സാന്നിധ്യത്തിൽ മുക്കം ഫയർഓഫീസർ എം. അബ്ദുൽ ഗഫൂറും കൃഷിഓഫീസർ ടിൻസിയും ചേർന്ന് പ്രധാനാധ്യാപികയ്ക്ക് പഠനോപകരണങ്ങൾ കൈമാറി.
താഴക്കോട് എ.യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭാ കൗൺസിലർമാരായ ഇ. സത്യനാരായണൻ, ജോഷില സന്തോഷ്, താഴക്കോട് യു.പി. സ്കൂൾ പ്രധാനാധ്യാപിക കെ.ആർ. മീവാർ, അജീഷ്, സച്ചിൻ മുരുകൻ, മുൻ ഫയർഓഫീസർ എൻ. വിജയൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സി. മനോജ്, ഒ. അബ്ദുൽ ജലീൽ, സനീഷ് ചെറിയാൻ, കെ. അഭിനേഷ്, കെ.ടി. ജയേഷ്, സജിത അനിൽകുമാർ എന്നിവർ പങ്കെടുത്തു.അഗ്നിരക്ഷാനിലയത്തിൽ ഒരുക്കിയ കൃഷിയിലൂടെ ലഭിച്ച വരുമാനംകൊണ്ട് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി