ലഹരിസംഘത്തിന്റെ ആക്രമണത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്ക്
മുക്കം : ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ മണാശ്ശേരി കെ.എം.സി.ടി. മെഡിക്കൽ കോളേജിലെ ഡ്രൈവർ ചാത്തമംഗലം നെച്ചൂളി സ്വദേശി പനങ്ങാട് വീട്ടിൽ മുസ്തഫയെ (56) ലഹരിസംഘം ആ ക്രമിച്ചു. ചൊവ്വാഴ്ചരാത്രി ഒൻപത് മണിയോടെ മുക്കം മണാശ്ശേരിയിലായിരുന്നു സംഭവം. പ്രതികളെന്ന് സംശയിക്കുന്ന മണാശ്ശേരി സ്വദേശികളായ സജി, ദിലീഷ്, പ്രവീൺ, പ്രജീഷ്, രാകേഷ്, ഷിബു എന്നിവരെയാണ് മുക്കം പോലീസ് അറസ്റ്റുചെയ്തത്.
മണാശ്ശേരിയിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് മടങ്ങുമ്പോൾ പ്രതികളെത്തി അവർ കഴിച്ച ഭക്ഷണത്തിന്റെ പണം കൊടുക്കണമെന്ന് മുസ്തഫയോടെ ആവശ്യപ്പെടുകയായിരുന്നു. ആവശ്യം നിരസിച്ചപ്പോൾ മുസ്തഫയെ നിലത്തിട്ട് ചവിട്ടുകയും മർദിക്കുകയുമായിരുന്നു. തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ മുസ്തഫ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വാരിയെല്ലുകൾക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. മുസ്തഫയുടെ ഇരുചക്ര വാഹനവും പ്രതികൾ തകർത്തു. അക്രമികൾ സ്ഥിരമായി ഇത്തരത്തിൽ പണംചോദിച്ച് ആക്രമണം നടത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മുക്കം എസ്.ഐ. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.