Thiruvambady

മേലെ പൊന്നാങ്കയത്ത് കാട്ടാന കൃഷി നശിപ്പിച്ചു

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ മേലെ പൊന്നാങ്കയത്ത് വീണ്ടും ജനവാസമേഖലയിൽ കാട്ടാനയിറങ്ങി. വ്യാപകമായി കൃഷിനശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ കെ.പി. എസ്റ്റേറ്റ് പരിസരത്താണ് ഒറ്റയാന്റെ താണ്ഡവം. എടമനപ്പറമ്പിൽ ജോർജിന്റെ വാഴകൾ, തെങ്ങുകൾ, വട്ടത്തുണ്ടത്തിൽ ജിഷാൽ തമ്പിയുടെ കമുകുകൾ, ജാതി, വാഴ, തെങ്ങ്, അമ്പലവേലിൽ സാബുവിന്റെ വാഴ, ജാതി തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. കൃഷിയിടമാകെ ചവിട്ടിമെതിച്ചനിലയിലാണ്.

കഴിഞ്ഞവർഷം പഞ്ചായത്ത് കൃഷിഭവൻ മികച്ച യുവകർഷകനായി ആദരിച്ചയാളാണ് ജിഷാൽ തമ്പി. കഴിഞ്ഞയാഴ്ചയും ഈ ഭാഗങ്ങളിൽ ഒറ്റയാനെത്തിയിരുന്നു. ജനവാസമേഖലയിൽ കാട്ടാനയുടെ സാന്നിധ്യം നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്. കൃഷിയിലെ വരുമാനത്തെമാത്രം ആശ്രിയിച്ചുകഴിയുന്ന കുടുംബങ്ങളാണിവിടെയുള്ളത്. വായ്പയെടുത്തുംമറ്റും വിളവിറക്കുന്ന കൃഷിഭൂമിയിലാണ് വന്യമൃഗങ്ങളുടെ സ്വൈരവിഹാരം.

വനമേഖലയോടുചേർന്ന് സ്ഥാപിച്ചിരുന്ന സൗരോർജവേലികൾ പലയിടത്തും കാട്ടാനകൾ ചവിട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. സൗരോർജവേലികൾ പുനഃസ്ഥാപിക്കാൻ അടിയന്തര നടപടിവേണമെന്ന് കർഷക കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി സോണി മണ്ഡപത്തിൽ ആവശ്യപ്പെട്ടു. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ചിനു കീഴിലുള്ള തിരുവമ്പാടി നായരുകൊല്ലി സെക്‌ഷനിൽപ്പെടുന്ന കാടോത്തികുന്ന് വനമേഖലയോടുചേർന്ന പ്രദേശമാണിത്.

Related Articles

Leave a Reply

Back to top button