എൻജിനിയറിങ് പഠനത്തിലെ സാധ്യതകൾ പങ്കുവെച്ച് ‘ദിശ 24’

മുക്കം : എൻജിനിയറിങ് വിദ്യാഭ്യാസമേഖലയിലെ അനന്തമായ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി എൻ.ഐ.ടി.യിൽ സംഘടിപ്പിച്ച ‘ദിശ 24’ (ഡയറക്ഷൻ ആൻഡ് ഇൻസ്പിരേഷൻ ടു സ്റ്റുഡന്റസ് ഫോർ ഹോളിസ്റ്റിക് അഡ്വാൻസ്മെന്റ്) ശ്രദ്ധേയമായി. എൻജിനിയറിങ് പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകയായിരുന്നു ലക്ഷ്യം. പ്ലസ്ടു പഠനം പൂർത്തിയാക്കിയവരുവും പ്ലസ്ടു വിദ്യാർഥികളും ഉൾപ്പെടെ ഇരുനൂറോളംപേർ ക്യാമ്പിൽ പങ്കെടുത്തു. എൻ.ഐ.ടി.സി. ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പരിപാടി ഉദ്ഘാടനംചെയ്തു.
വിവിധ വകുപ്പുകളുടെ പിന്തുണയോടെ സെൻറർ ഫോർ പബ്ലിക് റിലേഷൻസ്, ഇൻഫർമേഷൻ, മീഡിയ എക്സ്ചേഞ്ച് (സി-പ്രൈം) എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. രക്ഷിതാക്കളും അധ്യാപകരും സെഷനുകളിൽ പങ്കെടുത്തു. എൻജിനിയറിങ് ഡിപ്പാർട്ട്മെൻറ് ലാബുകൾ സന്ദർശിച്ച് അത്യാധുനിക സൗകര്യങ്ങളും ഉപകരണങ്ങളും പരിചയപ്പെടാനും അവസരമൊരുക്കിയിരുന്നു.
അക്കാദമിക് പ്രോഗ്രാമുകളെക്കുറിച്ചും ലഭ്യമായ സൗകര്യങ്ങളെക്കുറിച്ചും അക്കാദമിക് വിഭാഗം ഡീൻ പ്രൊഫ. എ.വി. ബാബു സംസാരിച്ചു. വിവിധ ഡിപ്പാർട്ട്മെൻറുകളിൽനിന്നുള്ള അധ്യാപകർ വിവിധ എൻജിനിയറിങ് മേഖലയെക്കുറിച്ചും ബി.ടെക്, എം.ടെക്, പിഎച്ച്.ഡി. എന്നിവയ്ക്കുശേഷമുള്ള തൊഴിലവസരങ്ങളെക്കുറിച്ചും ചർച്ചചെയ്തു. രജിസ്ട്രാർ കമാൻഡർ ഡോ. എം.എസ്. ശാമസുന്ദര, സി-പ്രൈം ചെയർപേഴ്സൺ ഡോ. എം.എസ്. സുനിത, കോഡിനേറ്റർമാരായ ഡോ. വൃന്ദ വർമ, ഡോ. ചെന്ന വിവേക് കുമാർ എന്നിവരും സംസാരിച്ചു.







