ജൽ ജീവൻ മിഷൻ പദ്ധതിക്കായി പൊതുറോഡിൽ വിലങ്ങനെ ഭീമൻ കുഴിയെടുത്തത് അപകടഭീഷണി ഉയർത്തുന്നു
കൂടരഞ്ഞി : ജൽ ജീവൻ മിഷൻ പദ്ധതിക്കായി പൊതുറോഡിൽ വിലങ്ങനെ ഭീമൻ കുഴിയെടുത്തത് അപകടഭീഷണി ഉയർത്തുന്നു. കൂടരഞ്ഞി പഞ്ചായത്തിലെ വഴിക്കടവ്-പെരുമ്പൂള റോഡിൽ വഴിക്കടവ് പാലത്തിനു സമീപവും കുളിരാമുട്ടി മസ്ജിദിനു സമീപവുമാണ് ക്രോൺക്രീറ്റ് ചെയ്ത ഭാഗം ഉറപ്പിക്കാതെയിട്ടിരിക്കുന്നത്. റോഡിനു കുറുകെ വെട്ടിക്കീറിയ ഭാഗം മഴയിൽ കുതിർന്ന് കിടങ്ങായി മാറിയിരിക്കുകയാണ്.
സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളൊന്നുംതന്നെ സ്ഥാപിച്ചിട്ടില്ല. അതിവേഗത്തിലെത്തുന്ന വാഹനങ്ങൾ കിടങ്ങിൽ ചാടി നിയന്ത്രണം വിടുകയാണ്. ഒട്ടേറെ ഇരുചക്രവാഹനങ്ങളാണ് ബുധനാഴ്ച അപകടത്തിൽപ്പെട്ടത്. രാത്രിയാണ് ഭീഷണി കൂടുതൽ. ബസുകളും സ്കൂൾ വാഹനങ്ങളും ഉൾപ്പെടെ ഗതാഗതത്തിരക്കേറിയ റോഡാണിത്. പൂവാറൻതോട് ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള പ്രധാന റോഡിലാണ് അപകടക്കെണികൾ തീർത്തിരിക്കുന്നത്. ഗതാഗത സുരക്ഷിതത്വം ഉറപ്പുവരുത്താൻ അടിയന്തരനടപടി വേണമെന്ന് ആർ.വൈ.ജെ.ഡി. കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് അമൽസൺ ജോർജ് മംഗരയിൽ അധ്യക്ഷനായി. നിയോജകമണ്ഡലം പ്രസിഡന്റ് ജിൻസ് അഗസ്റ്റിൻ ഉദ്ഘാടനംചെയ്തു. രഞ്ജിത്ത് താളനാനി, പ്രതീഷ് കമ്പിളി, കെ. അനുരാജ്, അനീഷ് നെല്ലായി, എൻ.ആർ. രാജേഷ് എന്നിവർ സംസാരിച്ചു.