KeralaThamarassery

ആഘോഷങ്ങളും ആരവങ്ങളുമില്ലാത ലോകമെങ്ങും ചരിത്രത്തിൽ ആദ്യ ഈസ്റ്റർ

ലോകത്തിന്റെ ഇതരഭാഗങ്ങൾക്കൊപ്പം കേരളത്തിലും ഈസ്റ്റര്‍ ആഘോഷിച്ചു.

പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികളെ ഉള്‍പ്പെടുത്താതെയായിരുന്നു ശുശ്രൂഷകള്‍.

വിശ്വാസികള്‍ക്കായി ദേവാലയങ്ങളില്‍ ചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗ് ഏര്‍പ്പെടുത്തിയിരുന്നു.

സീറോ മലബാർ സഭാ ആസ്ഥാനമായ കൊച്ചി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സഭാതലവനും മേജർ ആർച്ച്ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വിശുദ്ധ കുർബ്ബാന അർപ്പിച്ച് ഈസ്റ്റർ ദിന സന്ദേശം നൽകി.

തിരുവനന്തപുരം പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ആർച്ച്ബിഷപ്പ് സൂസപാക്യവും പട്ടം മേജർ ആർച്ച്ബിഷപ്സ് ഹൗസ് ചാപ്പലിൽ മലങ്കര കത്തോലിക്കാ സഭാ തലവൻ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ക്ലിമ്മീസ് കാതോലിക്കാ ബാവയും ഈസ്റ്റർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

താമരശ്ശേരി മേരി മാതാ കത്തീഡ്രലിൽ ബിഷപ്പ് റെമിജിയൂസ് ഇഞ്ചനാനിയിലും കോഴിക്കോട് മദർ ഓഫ് ഗോഡ് കത്തീഡ്രലിൽ ബിഷപ്പ് വർഗീസ് ചക്കാലക്കലും വിശുദ്ധ കുർബ്ബാന അർപ്പിച്ച് ഈസ്റ്റർ സന്ദേശം നൽകി.

മലങ്കര ഓർത്തഡോക്സ് സഭാതലവൻ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ പരുമല പള്ളിയിലാണ് ശുശ്രൂഷകൾ നിർവഹിച്ചത്.

എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യ കാര്‍മികനായി.

മുളന്തുരുത്തി എം.എസ്.ഒ.റ്റി. സെമിനാരിയില്‍ ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത നേതൃത്വം നല്‍കി. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്ത സഹകാര്‍മികനായി.

തിരുവല്ലയിൽ മാർത്തോമ്മാ സഭാ ആസ്ഥാനത്ത് സഭാതലവൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപോലിത്തയുടെ നേതൃത്വത്തിലായിരുന്നു കര്‍മങ്ങള്‍.

മലങ്കര യാക്കോബായ സഭാ ആസ്ഥാനമായ എറണാകുളം പുത്തൻകുരിശിൽ ശ്രേഷ്ട കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

കൊവിഡ് മഹാമാരി പടര്‍ത്തുന്ന ഇരുട്ടില്‍ ഈസ്റ്റര്‍ പ്രത്യാശയുടെ സന്ദേശം നല്‍കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഈസ്റ്റര്‍ ദിന സന്ദേശത്തിൽ അനുസ്മരിച്ചു.

ഭയത്തിന് കീഴടങ്ങരുതെന്നും സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ജനങ്ങൾക്ക് ഈസ്റ്റർ ആശംസകൾ നേർന്നു.

Related Articles

Leave a Reply

Back to top button