സ്കൂട്ടർ തെന്നിമറിഞ്ഞ് നടുറോഡിലേക്കുവീണ യുവാവ് ബസ്സിനടിയിൽപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മുക്കം : സ്കൂട്ടർ തെന്നിമറിഞ്ഞ് നടുറോഡിലേക്കുവീണ യുവാവ് ബസ്സിനടിയിൽപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സ്വകാര്യബസ് ഡ്രൈവർ ചക്രപാണിയുടെ അവസരോചിത ഇടപെടലാണ് ദുരന്തമൊഴിവാക്കിയത്. മുക്കം നഗരസഭയിലെ പുൽപ്പറമ്പിൽ-നായർക്കുഴി റോഡിൽ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം.
പുൽപ്പറമ്പിൽനിന്ന് നായർക്കുഴി ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടർ എതിർദിശയിൽവന്ന ബസിനുമുന്നിൽ, നടുറോഡിൽ തെന്നിമറിയുകയായിരുന്നു. സ്കൂട്ടർ യാത്രികനായ യുവാവ് റോഡിലേക്ക് തെറിച്ചുവീഴുന്നതുകണ്ട ബസിലെ ഡ്രൈവർ, ബസ് പെട്ടെന്ന് വെട്ടിച്ചുമാറ്റിയതിനാൽ യുവാവ് രക്ഷപ്പെട്ടു.
റോഡരികിലെ വീടിന്റെ ഗേറ്റിനരികിലേക്ക് വെട്ടിക്കുകയും നിയന്ത്രിച്ചു നിർത്തുകയുമായിരുന്നു. മുക്കം-പുൽപ്പറമ്പ്-നായർക്കുഴി റൂട്ടിലോടുന്ന ‘ആർമീസ്’ ബസിലെ ഡ്രൈവറാണ് ചക്രപാണി. റോഡരികിലെ കെട്ടിടത്തിലെ സി.സി.ടി.വി. ക്യാമറയിൽപ്പതിഞ്ഞ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ഒട്ടേറെപ്പേരാണ് ഡ്രൈവർക്ക് ആശംസകളറിയിച്ച് രംഗത്തെത്തിയത്.