Mukkam

എൻ.ഐ.ടി.സി.യിൽ തൊഴിലാളികളെ പിരിച്ചുവിടാനുള്ള എൻ.ഐ.ടി. അധികൃതരുടെ നീക്കത്തിനെതിരായ സമരം ശക്തം

മുക്കം : തൊഴിലാളികളെ പിരിച്ചുവിടാനുള്ള എൻ.ഐ.ടി. അധികൃതരുടെ നീക്കത്തിനെതിരായ സമരം സംയുക്ത സമരസമിതി ഏറ്റെടുത്തതോടെ കൂടുതൽ ശക്തമായി. സംയുക്ത സമരസമിതിയുടെയും സി.പി.എം. പ്രാദേശികഘടകത്തിന്റെയും നേതൃത്വത്തിൽ എൻ.ഐ.ടി.യിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. ശുചീകരണപ്രവൃത്തി കരാറെടുത്ത കമ്പനി പുതുതായി നിയമിച്ച ആളുകളെ സമരക്കാർ ഗേറ്റിൽ തടഞ്ഞു. അതേസമയം, പുതുതായി നിയമിച്ച സെക്യൂരിറ്റി ജീവനക്കാരെ സമരക്കാർ കടത്തിവിട്ടു. നിലവിലെ സെക്യൂരിറ്റി ജീവനക്കാരെ നിലനിർത്താൻ തയ്യാറാണെന്ന് കരാർക്കമ്പനി അധികൃതർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണിത്. മാലിന്യം നീക്കംചെയ്യാൻ ആളില്ലാത്തതിനാൽ രണ്ടാംദിവസവും പ്രധാന കാൻറിനിന്റെ പ്രവർത്തനം തടസ്സപ്പെട്ടു.

ഗ്രൂപ്പ് ഡി ജീവനക്കാരോട് ശുചീകരണം നടത്താൻ രജിസ്ട്രാർ നിർദേശം നൽകിയത് വിവാദമായി. ഓഫീസ് അറ്റൻറൻഡ്, സീനിയർ ഓഫീസ് അറ്റൻറൻഡ്, ജൂനിയർ അസിസ്റ്റൻറ്‌ വിഭാഗത്തിലെ ജീവനക്കാരോടാണ് കക്കൂസ് ശുചീകരണം ഉൾപ്പെടെയുള്ള പ്രവൃത്തി ചെയ്യാൻ നിർദേശം നൽകിയത്. സി.പി.എം നടത്തിയ മാർച്ച് ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. വി. സുന്ദരൻ അധ്യക്ഷനായി. സംയുക്തസമരസമിതിമാർച്ച് സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസി. ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കൺവീനർ ഇ. വിനോദ് അധ്യക്ഷനായി.

Related Articles

Leave a Reply

Back to top button