Mukkam
ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസ്സിന്റെ ടയറിന് തീപിടിച്ചു
മുക്കം : ഓടിക്കൊണ്ടിരിക്കുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന്റെ ടയറിന് തീപിടിച്ചു. ഇന്ന് രാവിലെ 7.45ഓടെ മുക്കം പൊലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. താമരശ്ശേരിയില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സിനാണ് തീപിടിച്ചത്.
ബസ്സിന്റെ ഡ്രൈവറുടെ വശത്തുള്ള പുറകിലെ ടയറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് പെട്ടെന്ന് ബസ് നിര്‍ത്തുകയായിരുന്നു. മുക്കം അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി തീയണച്ചു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. തീപിടിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമായിട്ടില്ല.