മഞ്ഞപ്പിത്തം; പുതുപ്പാടിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
പുതുപ്പാടി : പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ കൈതപ്പൊയിൽ രണ്ടാംകൈ ഭാഗത്ത് മഞ്ഞപ്പിത്തരോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെയും പുതുപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രദേശത്തെ റെസി. അസോസിയേഷനുകൾ, കുടുംബശ്രീ യൂണിറ്റുകൾ, സന്നദ്ധസംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ഗൃഹസന്ദർശനവും സൂപ്പർ ക്ളോറിനേഷനും ലഘുലേഖവിതരണവും നടത്തി.
കൈതപ്പൊയിൽ അങ്ങാടിയിലെ ഭക്ഷണനിർമാണ, വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ചെയ്തു. പ്രദേശത്ത് വിളിച്ചുചേർത്ത യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൽ ജമാൽ ആരോഗ്യബോധവത്കരണ ക്ലാസെടുത്തു. പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ഷെരീഫ് യോഗം ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ കെ. രാധ, ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ നാഗത്ത്, പബ്ലിക് ഹെൽത്ത് നഴ്‌സ് ആസിയ, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ, ആരോഗ്യസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.