സർക്കാർ നിലപാട് ജനവിരുദ്ധവും തദ്ദേശ സ്ഥാപനങ്ങളെ തകർക്കുന്നതുമാണന്ന് സി.പി ചെറിയ മുഹമ്മദ്
കൊടിയത്തൂർ: തദ്ദേശ സ്ഥാപന വാർഷിക പദ്ധതി പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയ മാർഗ്ഗരേഖ ജന വിരുദ്ധവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്നതുമാണന്ന് മുസ്‌ലിം ലീഗ്
സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് പറഞ്ഞു. ലോക്കൽ ഗവൺമെന്റ് മെമ്പേഴ്‌സ് ലീഗ് കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തോഫീസിന് മുന്നിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ തെറ്റ് തിരുത്തുമെന്ന് പറഞ്ഞ സി.പിഎമ്മും സർക്കാരും തെറ്റ് തിരുത്താൻ തയ്യാറാവുന്നില്ലന്ന് മാത്രമല്ല കൂടുതൽ ജനവിരുദ്ധ നിലപാടുകളുമായി മുന്നോട്ട് പോവുകയാണന്നും അദ്ദേഹം കുറ്റപ്പെടുത്തി. തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിസന്ധി രൂക്ഷമാക്കുന്ന സർക്കാർ നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2023 – 24 വർഷം അനുവദിക്കാതിരുന്ന മെയിൻറനൻസ് ഗ്രാന്റിലെ 1215 കോടിയും ജനറൽ പർപ്പസ് ഗ്രാന്റിലെ 557 കോടിയും പ്രത്യേക വിഹിതമായി അനുവദിക്കുക, 2024 മാർച്ച് 25നകം ട്രഷറിയിൽ സമർപ്പിച്ച ശേഷം പണം അനുവദിക്കാതെ തിരിച്ചു നൽകിയ 1156.12 കോടി രൂപ പ്രത്യേക വിഹിതമായി അനുവദിക്കുക, ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്കുള്ള ഫണ്ട് പോലും തടയുന്ന സമീപനം തിരുത്തുക, ആറ് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബോർഡിൽ ഒപ്പു ചാർത്തിയാണ് പ്രതിഷേധം നടന്നത്.
പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. കെ.വി അബ്ദുറഹിമാൻ, കെ.ടി മൻസൂർ, പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, കെ.പി അബ്ദുറഹിമാൻ, റഫീഖ് കുറ്റിയോട്ട്, വി ഷംലൂലത്ത് എം.ടി റിയാസ്, സുഹ്റ വെള്ളങ്ങോട്ട്, മജീദ് മുലത്ത്, എം.ടി റിയാസ്, ആയിഷ ചെലപ്പുറത്ത്, സുഹ്റ വെള്ളങ്ങോട്ട്, ഫാത്തിമ, എൻ ജമാൽ, മായിൻ മാസ്റ്റർ കൊടിയത്തൂർ തുടങ്ങിയവർ സംസാരിച്ചു.