മണാശ്ശേരി എം.എ.എം.ഒ. കോളേജിന് സമീപത്തെ റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു
മുക്കം : മണാശ്ശേരി എം.എ.എം.ഒ. കോളേജിന് സമീപത്തെ റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു. മുക്കം മുസ്‌ലിം ഓർഫനേജിന്റെ ഉടമസ്ഥതയിലുള്ള നെല്ലിക്കുന്നിലെ കെട്ടിടത്തിൽ കാരമൂല സ്വദേശി കളരിക്കണ്ടി സുന്ദരൻ നടത്തുന്ന റബ്ബർ പുകപ്പുരയ്ക്കാണ് തീപിടിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. സ്ഥാപനത്തിലെ ജീവനക്കാർചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ആളിപ്പടരുകയായിരുന്നു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന്, മുക്കം അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ തീയണച്ചത്.
പുകപ്പുരയിലെ ചിരട്ടപ്പാൽ ഉണക്കുന്നതിനായി തീയിട്ടതിൽനിന്നും പടർന്നുപിടിക്കുകയായിരുന്നു. നാല് ക്വിന്റലോളം റബ്ബർ കത്തിനശിച്ചു. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഓഫീസർ എൻ. രാജേഷ്, സേനാംഗങ്ങളായ ഒ. അബ്ദുൽ ജലീൽ, കെ.പി. അമീറുദ്ദീൻ, എം.സി. സജിത്ത് ലാൽ, കെ. ഷനീബ്, വി. സലീം, കെ.പി. അജീഷ്, സി. രാധാകൃഷ്ണൻ, സി.എഫ്. ജോഷി, സി.ടി. ഷിബിൻ, എം.എസ്. അഖിൽ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകി.