ചെളിയിലൂടെ തനിക്കും വണ്ടിയോടിക്കണമെന്ന് എംഎല്‍എ, ഇപ്പൊ ശെരിയാക്കാമെന്ന് സംഘാടകര്‍; ആവേശമായി ‘വണ്ടിപ്പൂട്ട്’
കൊടിയത്തൂര്‍ : ചെളി നിറഞ്ഞ പാടത്തിലൂടെ ജീപ്പുകളും കാറുകളും കുതിച്ചു പായുന്നത് കണ്ടപ്പോള്‍ അവരോടൊപ്പം മഡ് റൈഡ് നടത്തണമെന്ന് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിനും ആഗ്രഹം. അറിയിച്ച നിമിഷം തന്നെ അതിനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കി. പിന്നെ കണ്ടത് നൂറുകണക്കിന് കാണികളെ ആവേശത്തിലാക്കിയ എംഎല്‍എയുടെയും മറ്റ് ഡ്രൈവര്‍മാരുടെയും പ്രകടനമായിരുന്നു. മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തും റസിഡന്‍സ് അസോസിയേഷനും ചെറുവാടി അഡ്വഞ്ചര്‍ ക്ലബും സംയുക്തമായി സംഘടിപ്പിച്ച ‘വണ്ടിപ്പൂട്ട്’ മത്സരമാണ് കാണികളെ ആവേശത്തിലാക്കിയത്.
ഉദ്ഘാടന വേദിയില്‍ വെച്ചാണ് തനിക്കും ചെളിയിലൂടെ വാഹനം ഓടിക്കണം എന്ന് എംഎല്‍എ പറഞ്ഞത്. തുടര്‍ന്ന് അഡ്വഞ്ചര്‍ ക്ലബിന്റെ ജീപ്പ് അതിനായി സജ്ജീകരിക്കുകയായിരുന്നു. മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റതിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരു റൈഡ് നടത്തുന്നതെന്നും വരും കാലങ്ങളില്‍ ഇത്തരത്തിലുള്ള സാഹസിക ഓഫ് റോഡ് റൈഡുകള്‍ക്ക് പ്രിയമേറുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടകനായെത്തിയ എംഎല്‍എ തന്നെ റൈഡിനിറങ്ങിയതു കണ്ട് ആവേശത്തിലായ കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവും മറ്റ് അംഗങ്ങളും മറ്റൊരു ജീപ്പില്‍ റൈഡിന് ഇറങ്ങിയതും ശ്രദ്ധേയമായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പരിപാടി കാണാന്‍ തടിച്ചുകൂടിയിരുന്നു.