Thiruvambady

കർഷകർക്ക് പ്രതീക്ഷയേകി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി

തിരുവമ്പാടി : സംസ്ഥാന കാർഷിക കർഷകക്ഷേമ വകുപ്പിന്റെകീഴിൽ കൂടരഞ്ഞിയിൽ തുടങ്ങിയ കോഴിക്കോട് ഫ്രൂട്ട്‌സ് ആൻഡ് സ്പൈസസ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി മലയോരകർഷകർക്ക് പ്രതീക്ഷയേകുന്നു. ചെറുകിട കർഷക കാർഷികവ്യാപാര കൺസോർഷ്യം, അഗ്രികൾച്ചർ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി (ആത്മ) യുടെ സാങ്കേതികസാമ്പത്തിക സഹായത്തോടെയാണ് കമ്പനി രൂപവത്കരിച്ചിരിക്കുന്നത്.

കമ്പനിയുടെ നേതൃത്വത്തിൽ കർഷകരിൽനിന്നും ശേഖരിച്ച കരിക്കിന്റെയും, ഇളനീരിന്റെയും കയറ്റുമതി തുടങ്ങി. പതിനായിരത്തോളം കരിക്കുകളും ഇളനീരും പഞ്ചാബിലേക്കാണ് കയറ്റി അയച്ചത്. കൂടരഞ്ഞി, തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ കർഷകരെ ഉൾപ്പെടുത്തി കർഷകതാത്പര്യ ഗ്രൂപ്പുകൾ രൂപവത്കരിച്ചാണ് കോഴിക്കോട് ഫ്രൂട്ട്‌സ് ആൻഡ് സ്പൈസസ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിക്ക് രൂപം നൽകിയത്. സമീപജില്ലകളിൽനിന്നടക്കം പ്രാദേശിക വിപണത്തിന് അന്വേഷണം നടന്നുവരുന്നതായി കമ്പനി ചെയർമാൻ അറിയിച്ചു. മികച്ചവിലയ്ക്ക് കരിക്ക്, ഇളനീർ എന്നിവ വിൽക്കാൻ തയ്യാറുള്ള കർഷകർക്ക് ബന്ധപ്പെടാവുന്നതാണ്. കാർഷികോത്പന്നങ്ങൾക്ക് ഗ്രേഡിങ്, സോർട്ടിങ്, പാക്കിങ്, ബ്രാൻഡിങ് എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് പദ്ധതിവഴി ലക്ഷ്യമിടുന്നത്.

ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജോസ് തോമസ് മാവറ, കോഴിക്കോട് അഗ്രികൾച്ചർ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി പ്രോജക്റ്റ് ഡയറക്ടർ സപ്ന എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. കമ്പനി ചെയർമാൻ ജോസ് ജോർജ് പുലക്കുടിയിൽ, കൊടുവള്ളി കൃഷി അസി. ഡയറക്ടർ ഡോ. പ്രിയാ മോഹൻ, കൂടരഞ്ഞി കൃഷി ഓഫീസർ കെ.എ. ഷബീർ അഹമ്മദ്, കമ്പനി ഡയറക്ടർമാരായ മാർട്ടിൻ വടക്കേൽ, കെ.ടി. ശിവദാസൻ, ആത്മ ഡിസ്ട്രിക്ട് മാനേജർ എം. ഫൈസൽ, കർഷകർ, കർഷക പ്രതിനിധികൾ, തെങ്ങുകയറ്റ തൊഴിലാളികൾ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button