Kodanchery

പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവൽ പുലിക്കയത്ത് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി : തൂവെള്ള നിറത്തിൽ കുതിച്ചൊഴുകിയ ചാലിപുഴയിലെ വെള്ളം കയാക്കർമാർക്ക് സ്വാഗതമോതി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പിന് പുലിക്കയത്ത് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തതോടെ ഔപചാരിക തുടക്കമായി. വൈറ്റ് വാട്ടർ കയാക്കിങ് മത്സരം മാത്രമായി പരിമിതപ്പെടുത്താതെ കോടഞ്ചേരിയിലെയും സമീപ ഗ്രാമപഞ്ചായത്തുകളിലെയും ജനങ്ങളുടെ ഉത്സവമാക്കി മലബാർ റിവർ ഫെസ്റ്റിവൽ മാറ്റുക എന്ന ഉദ്ദേശ്യത്തിലാണ് നിരവധി പ്രീ ഇവന്റുകൾ സംഘടിപ്പിച്ചതെന്ന് കളക്ടർ പറഞ്ഞു. “കയാക്കിങ്ങും ജനകീയ പങ്കാളിത്തവും കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ നമ്മുടെ വിനോദസഞ്ചാരമേഖലയെ, കേരളം എന്ന ബ്രാന്റിനെ കൂടുതൽ പേരിൽ എത്തിക്കാൻ കഴിയുകയുള്ളൂ,” ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി.

ഉദ്ഘാടന ചടങ്ങിൽ വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. നടൻ ബിനു പപ്പൻ മുഖ്യാതിഥി ആയിരുന്നു. ചാലിപുഴയുടെ തീരത്ത് ജനിച്ചുവളർന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുന്നത് വലിയ അവസരമാണെന്ന് ബിനു പപ്പു പറഞ്ഞു. രണ്ടാം ദിവസം വനിത-പുരുഷ വിഭാഗങ്ങളിൽ കയാക്ക് ക്രോസ്സ് മത്സരങ്ങളാണ് പുലിക്കയത്ത് നടന്നത്. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റ് ചെയർമാൻ എസ് കെ സജീഷ്, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരിൽ, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ്, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചിന്ന അശോകൻ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂസൻ വർഗീസ് കോഴപ്ലാക്കൽ, ചാൾസ് തയ്യിൽ, കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഷിബു പുതിയേടത്ത്, വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

കെഎടിപിഎസ് സി.ഇ ഒ ബിനു കുര്യാക്കോസ് സ്വാഗതവും ഡിടിപിസി സെക്രട്ടറി ഡോ. നിഖിൽ ടി ദാസ് നന്ദിയും പറഞ്ഞു.
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ഡിടിപിസി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ, ഇന്ത്യൻ കയാക്കിങ് & കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെ നടക്കുന്ന ഫെസ്റ്റിവലിന്റെ സമാപനം ജൂലൈ 28 ന് വൈകുന്നേരം അഞ്ചു മണിക്ക് ഇലന്തുകടവിൽ പട്ടികജാതി-പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും. എട്ട് രാജ്യങ്ങളിൽ നിന്നുള്ള 13 അന്താരാഷ്ട്ര കയാക്കർമാരാണ് മലബാർ റിവർ ഫെസ്റ്റിൽ തുഴയെറിയുന്നത്.

Related Articles

Leave a Reply

Back to top button