Mukkam

നവീകരിച്ച റോഡ് തകരുന്നത് തുടർക്കഥ; കുഴിയടയ്ക്കാൻവന്ന കരാർക്കമ്പനി ജീവനക്കാരെ നാട്ടുകാർ തടഞ്ഞു

മുക്കം : കോടികൾ മുടക്കി നവീകരിച്ച റോഡ് തകരുന്നത് തുടർക്കഥയായതോടെ കുഴിയടയ്ക്കാൻ വന്ന കരാർക്കമ്പനി ജീവനക്കാരെ നാട്ടുകാർ തടഞ്ഞു. അഗസ്ത്യൻമുഴി-കുന്ദമംഗലം റോഡിലെ കുഴികൾ അടയ്ക്കാനെത്തിയ കരാർക്കമ്പനി ജീവനക്കാരെയാണ് നാട്ടുകാർ തടഞ്ഞത്. കിലോമീറ്ററിന് ഒരുകോടി രൂപ ചെലവിൽ അഗസ്ത്യൻമുഴി മുതൽ കുന്ദമംഗലം വരെയുള്ള 14 കിലോമീറ്റർ റോഡ് നാലുവർഷം മുൻപ്‌ നവീകരിച്ചിരുന്നെങ്കിലും പ്രവൃത്തി പൂർത്തീകരിച്ച് മാസങ്ങൾക്കകം റോഡ് പൊളിഞ്ഞിരുന്നു. അന്നും സമാനമായ രീതിയിൽ, ആളുകളുടെ കണ്ണിൽപ്പൊടിയിടുന്ന രീതിയിൽ കുഴികൾ അടയ്ക്കുകയായിരുന്നു. മഞ്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിക്കായിരുന്നു നിർമാണച്ചുമതല.

വീണ്ടും റോഡിൽ രൂപപ്പെട്ട കുഴികൾ താത്കാലികമായി അടയ്ക്കാൻവന്ന കരാർക്കമ്പനി ജീവനക്കാരെയാണ് നാട്ടുകാർ അഗസ്ത്യൻമുഴിയിൽ തടഞ്ഞത്. സ്ഥിരമായി റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെടുന്ന ഇടമാണ് അഗസ്ത്യമുഴി അങ്ങാടിയിൽനിന്ന്‌ 200 മീറ്റർ മാറി വലിയ ഇറക്കവും വളവുമുള്ള സ്ഥലം. ഇവിടെ രൂപപ്പെട്ട വലിയ കുഴികൾ അശാസ്ത്രീയമായി അടയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നാട്ടുകാർ പ്രവൃത്തി തടഞ്ഞത്.

റോഡുപ്രവൃത്തിയുടെ ഗുണനിലവാരക്കുറവ് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നവീകരണപ്രവൃത്തിക്കെതിരേ തുടക്കത്തിലേ പരാതി ഉയർന്നിരുന്നു. റോഡ് പ്രവൃത്തിലെ പരാതികൾ അറിയിക്കാൻ പൊതുമരാമത്തുവകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡിലെ കരാറുകാരന്റെയും പി.ഡബ്ല്യു.ഡി എൻജിനിയറുടെയും നമ്പറിൽ വിളിച്ചാൽ കിട്ടാറില്ലെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ പ്രവൃത്തി തടഞ്ഞതോടെ അടുത്തദിവസം റോഡ് പൊളിഞ്ഞഭാഗം പൊളിച്ചുമാറ്റി ടാർ ചെയ്യാമെന്ന് ഉറപ്പുനൽകിയാണ് തൊഴിലാളികൾ പോയത്. അതേസമയം, കരാർക്കമ്പനിക്കും അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥർക്കുമെതിരേ പരാതിയുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാർ പറഞ്ഞു.

Related Articles

Leave a Reply

Back to top button