Thiruvambady

ജോഷി ബെനഡിക്ടിന് നാടിന്റെ സ്നേഹാദരം

തിരുവമ്പാടി : ദേശീയ ചലച്ചിത്ര അവാർഡ് തിളക്കത്തിൽ മലയോരമേഖലയും. മികച്ച ആനിമേഷൻ ചിത്രം പിറന്നത് പുല്ലൂരാംപാറ സ്വദേശി ജോഷി ബെനഡിക്ടിലൂടെ. പ്രകൃതിയെയും മനുഷ്യനെയും ഇതിവൃത്തമാക്കി ജോഷിയുടെ കരവിരുതിൽ സാക്ഷാത്കരിക്കപ്പെട്ട ‘എ കോക്കനട്ട് ട്രീ’ എന്ന ഹ്രസ്വചിത്രത്തിനാണ് നോൺ ഫീച്ചർ ആനിമേഷൻ വിഭാഗത്തിൽ ബെസ്റ്റ് ആനിമേറ്റഡ് ഫിലിമിനുള്ള ദേശീയപുരസ്കാരം. ജോഷി ബെനഡിക്ടിനെ ഗ്രാമപ്പഞ്ചായത്തും സാംസ്കാരിക സൗഹൃദവേദിയും ആദരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ് എന്നിവർ പൊന്നാടയണിയിച്ചു.

ലിസി അബ്രഹാം, മേഴ്‌സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, ലിസി സണ്ണി, ഷൈനി ബെന്നി, സുന്ദരൻ എ. പ്രണവം, കെ.ടി. സെബാസ്റ്റ്യൻ, കെ. പ്രസാദ്, അജു എമ്മാനുവൽ, കെ.ആർ. അസ്മ, സജീവ് പുരയിടത്തിൽ എന്നിവർ സംസാരിച്ചു. ജോഷിയുടെ ആദ്യ സ്വതന്ത്ര ആനിമേഷൻ സിനിമയാണിത്. തൃശ്ശൂർ കോളേജ് ഓഫ് ഫൈൻ ആർട്‌സിൽനിന്ന് അപ്ലൈഡ് ആർട്ടിൽ കലാപഠനം പൂർത്തിയാക്കിയതിനുശേഷം തിരുവനന്തപുരം ടൂൺസിൽ ആനിമേറ്ററായി ജോലി ചെയ്യുകയുണ്ടായി.

ഇപ്പോൾ വീട്ടിലിരുന്ന് സ്വതന്ത്രമായി വർക്കുകൾ ചെയ്യുന്നു. 2019-ൽ ഐ.എഫ്.എഫ്.കെ. യിൽ സിഗ്നേച്ചർ ഫിലിം ജോഷിയുടേതായിരുന്നു. ഗ്രാഫിക് നോവൽ ‘പന്നിമലത്തി’ന്റെ ഇംഗ്ലീഷ് പതിപ്പായ ‘ദ പിഗ് ഫ്ലിപ്’ അന്തർദേശീയതലത്തിൽ ശ്രദ്ധ നേടിയിരുന്നു. കൊപ്രച്ചേവ് എന്ന പേരിൽ ഒരു ഗ്രാഫിക് നോവൽ കൂടി ജോഷിയുടേതായിട്ടുണ്ട്. ആക്കാട്ടു മുണ്ടയ്ക്കൽ ബെനഡിക്ട്-മേരി ദമ്പതിമാരുടെ മകനാണ്. സ്കൂൾ അധ്യാപികയായ ആൻസിയാണ് ഭാര്യ. മകൻ: ബെനറ്റ് ജോഷി.

Related Articles

Leave a Reply

Back to top button