കക്കാടംപൊയിൽ-പീടികപ്പാറ-പനമ്പിലാവ്-കിണറടപ്പൻ റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ

തിരുവമ്പാടി : കക്കാടംപൊയിൽ-പീടികപ്പാറ-പനമ്പിലാവ്-കിണറടപ്പൻ റോഡ് ചെളിക്കളമായി കാൽനടയാത്രയ്ക്ക് പോലും പറ്റാത്തനിലയിൽ. പനമ്പിലാവ് മുതൽ പീടികപ്പാറവരെയുള്ള റോഡിന്റെ പല ഭാഗങ്ങളിലും ടാറിങ് പൊട്ടിപ്പൊളിഞ്ഞ് വൻകിടങ്ങുകൾ രൂപപ്പെട്ടിരിക്കയാണ്. റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് മൂന്നുവർഷമായിട്ടും അധികൃതർ ഗൗനിക്കാത്തത് മലയോര, കുടിയേറ്റ നിവാസികൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. അറ്റകുറ്റപ്പണികൾ പോലും നടത്താൻ കാലതാമസം നേരിടുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പി.ഡബ്ല്യു.ഡി. മഞ്ചേരി ഡിവിഷന്റെ കീഴിലാണ് ഈ റോഡ്. ഏറനാട് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന റോഡ് കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്.
മലയോരമേഖലകളിൽനിന്നും കരിപ്പൂർ വിമാനത്താവളത്തിലേക്കും, മഞ്ചേരി, അരീക്കോട്, മലപ്പുറം ഭാഗങ്ങളിലേക്കും എളുപ്പം എത്തിപ്പെടാനുതകുന്ന റോഡാണ് വർഷങ്ങളായി അവഗണിക്കപ്പെട്ടുകിടക്കുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള പി.ഡബ്ല്യു.ഡി.യുടെ ടോൾഫ്രീനമ്പറിലേക്ക് വിളിക്കുമ്പോൾ ഉടനടി പരിഹാരം കാണാമെന്നും, മഞ്ചേരി പി.ഡബ്ല്യു.ഡി. ഓഫീസിലേക്ക് ബന്ധപ്പെടുമ്പോൾ ഏറ്റവും അടുത്തദിവസംതന്നെ അല്ലെങ്കിൽ മഴ കുറഞ്ഞാൽ ഉടൻതന്നെ അറ്റകുറ്റപ്പണികൾ തുടങ്ങും എന്നുള്ള മറുപടികൾ മാത്രമാണ് വർഷങ്ങളായി ലഭിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.
വെറ്റിലപ്പാറ, തോട്ടുമുക്കം, കൂമ്പാറ, അരീക്കോട്, മഞ്ചേരി ഭാഗങ്ങളിലേക്ക് നൂറുകണക്കിന് വിദ്യാർഥികൾ നിത്യേന ആശ്രയിക്കുന്ന റോഡ് കൂടിയാണിത്. അമിതഭാരം കയറ്റിയ വാഹനങ്ങൾ ഈ റോഡിൽകൂടി യാത്രചെയ്യരുതെന്ന് പി.ഡബ്ല്യു.ഡി. എൻജിനിയറുടെ ബോർഡ് റോഡിന്റെ പല ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭാരവാഹനങ്ങൾ സദാസമയവും ഓടിക്കൊണ്ടിരിക്കുന്നതും റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നു. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ റോഡ് പണി ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭനീക്കത്തിലാണ് പനമ്പിലാവ് ജനകീയവേദി.







