Mukkam

മുക്കം പെരുമ്പടപ്പിൽ ആരംഭിച്ച ബെവറജസ് ഔട്ട്‌ലെറ്റ് പൂട്ടി

മുക്കം : പ്രതിപക്ഷ കൗൺസിലർമാർ കക്ഷിരാഷ്ട്രീയഭേദമന്യേ പ്രതിഷേധം കടുപ്പിച്ചതോടെ മുക്കം പെരുമ്പടപ്പിൽ പുതുതായി ആരംഭിച്ച ബെവറജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റ് പൂട്ടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഔട്ട്‌ലെറ്റ് തുറക്കേണ്ടെന്നുകാണിച്ച് ഞായറാഴ്ച രാത്രിയോടെ, റീജണൽ മാനേജർ ഇ-മെയിൽ വഴി സന്ദേശമയച്ചതിനെത്തുടർന്നാണ് താത്കാലികമായി പൂട്ടിയത്. എത്രദിവസത്തേക്കാണ് ഔട്ട്‌ലെറ്റ് പൂട്ടിയതെന്ന് വ്യക്തമല്ല. ഔട്ട്‌ലെറ്റുമായി ബന്ധപ്പെട്ട് നഗരസഭയിൽ ചെവ്വാഴ്ച അവിശ്വാസപ്രമേയചർച്ച നടക്കാനിരിക്കെയാണ് നാടകീയസംഭവം.

ബെവറജസ് ഔട്ട്‌ലെറ്റിന് നഗരസഭ അനുമതിനൽകിയത് ഭൂരിപക്ഷകൗൺസിലർമാരുടെ തീരുമാനം ലംഘിച്ചാണെന്നാരോപിച്ച് നഗരസഭാ ചെയർമാനും വൈസ് ചെയർപേഴ്സണിനുമെതിരേ യു.ഡി.എഫ്. അവിശ്വാസത്തിന് നോട്ടീസ് നൽകിയിരുന്നു. ഔട്ട്‌ലെറ്റിന് അനുമതി നൽകിയതിനെതിരേ രണ്ട് ബി.ജെ.പി. കൗൺസിലർമാരും പ്രതിഷേധവുമായെത്തിയിരുന്നു.

ബെവറജസുമായി ബന്ധപ്പെട്ട വിഷയത്തിൽ സമാനചിന്താഗതിക്കാരുമായി ഒന്നിച്ചുനിൽക്കുമെന്ന് ബി.ജെ.പി. കൗൺസിലർമാർ നേരത്തേ വ്യക്തമാക്കിയിരുന്നു. ഈയൊരു സാഹചര്യത്തിൽ ബി.ജെ.പി.യെ അനുനയിപ്പിക്കാനാണ് ബെവറജസ് താത്കാലികമായി അടച്ചിട്ടതെന്നും സൂചനയുണ്ട്. അതേസമയം ബെവറജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റിന് നേരത്തേയനുവദിച്ച ലൈസൻസ് ഇതുവരെ റദ്ദാക്കിയിട്ടില്ല.

Related Articles

Leave a Reply

Back to top button