ഹരിത കർമ്മ സേനയ്ക്ക് ഉപകരണങ്ങൾ കൈമാറി

കോടഞ്ചേരി: മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി കോടഞ്ചേരിയെ മാറ്റുന്നതിന്റെ ഭാഗമായി ‘ക്ലീൻ ഗ്രീൻ കോടഞ്ചേരി’ ക്യാമ്പയിൻ്റെ നേതൃത്വത്തിൽ ഹരിത കർമ്മ സേനയ്ക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. ഇന്നലെ ഗാന്ധിജയന്തി ദിനത്തിനോടനുബന്ധിച്ച് വാർഷിക പദ്ധതിയുടെ കീഴിൽ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ അജൈവമാലിന്യങ്ങളുടെ തരംതിരിക്കൽ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനായി ആവശ്യമായ ഉപകരണങ്ങളാണ് വിതരണം ചെയ്തത് . എം. സി. എഫിൽ വച്ച് ട്രോളികളും വെയിറ്റിങ്ങ് മെഷീനുകളുമാണ് സേന അംഗങ്ങൾക്ക് കൈമാറിയത്.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമാക്കുന്നതിനും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനും ശാസ്ത്രീയതോടെ അജൈവമാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കാനായി എല്ലാ സഹായവും നൽകുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
വൈസ് പ്രസിഡൻറ് ജമീല അസീസിന്റെ അധ്യക്ഷയിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജ വിജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിസി ചാക്കോ, ചിന്ന അശോകൻ, ഷാജി മുട്ടത്ത്, വാസുദേവൻ ഞാറ്റുകാലയിൽ, ഷാജു ടി പി തെന്മല, ചിന്നമ്മ മാത്യു, ലീലാമ്മ കണ്ടത്തിൽ, റീന സാബു തുടങ്ങിയവർ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ, അസിസ്റ്റൻറ് സെക്രട്ടറി അനിതകുമാരി, ഹെൽത്ത് ഇൻസ്പെക്ടർ ശാലു പ്രസാദ്, കർമ്മസേന സോഷ്യൽ പ്രസിഡണ്ട് അനു മണിമലയിൽ, സെക്രട്ടറി സ്മിത, ഹരിത കർമ്മ സേന അംഗങ്ങൾ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ നിർമ്മല ബസ്സേലിയോസ്, സജന, ദിവ്യ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.







