കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ സബ് ജില്ല കായിക മേളയിൽ ഓവറോൾ ചാമ്പ്യന്മാർ
കോടഞ്ചേരി: ഈങ്ങാപ്പുഴ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന താമരശ്ശേരി സബ് ജില്ല കായികമേളയിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 282 പോയിന്റ് നേടി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഈ നേട്ടം സ്വന്തമാക്കിയത്.
ജൂനിയർ ബോയ്സിൽ സോനു ചാക്കോ, മാത്യു ബിബിൻ, ജൂനിയർ ഗേൾസിൽ പാർവതി ഗോപാലകൃഷ്ണൻ, സീനിയർ ബോയ്സിൽ ഇമ്മാനുവൽ ജോൺ സീനിയർ ഗേൾസിൽ ആൻ മരിയ ടോബി എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി. വിജയികൾക്കുള്ള ട്രോഫികൾ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി. വിനോദ് വിതരണം ചെയ്തു.
കായികാധ്യാപകൻ അനൂപ് ജോസിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്ക് പരിശീലനം ലഭിച്ചിരുന്നത്. സ്കൂൾ മാനേജർ ഫാ. കുര്യക്കോസ് ഐക്കൊളമ്പിൽ, പ്രിൻസിപ്പൽ വിജോയി തോമസ്, ഹെഡ്മാസ്റ്റർ ബിനു ജോസ്, പി.ടീ.എ പ്രസിഡണ്ട് റോക്കച്ചൻ പുതിയേടത്ത്, വൈസ് പ്രസിഡണ്ട് വാസുദേവൻ മാസ്റ്റർ ഞാറ്റുകാലായിൽ എന്നിവർ വിജയികളെ അഭിനന്ദിച്ചു.