തിരുവമ്പാടി ബസ് സ്റ്റാൻഡ് നവീകരണം: അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം മാറുന്നു

തിരുവമ്പാടി: നഗരത്തിൽ പ്രാഥമികസൗകര്യങ്ങൾ വിപുലമാക്കാൻ ഗ്രാമപ്പഞ്ചായത്ത് ആവിഷ്കരിച്ച ബസ് സ്റ്റാൻഡ് നവീകരണപദ്ധതി അന്തിമഘട്ടത്തിലാണ്. വളരെക്കാലമായി വീർപ്പുമുട്ടിയിരുന്ന ബസ് സ്റ്റാൻഡിന്റെ മുഖച്ഛായ ഇനി മാറുകയാണ്. യാത്രക്കാർക്കായി വിപുലമായ ഇരിപ്പിടസൗകര്യം നിർമ്മിച്ചുകൊടുത്തിട്ടുണ്ട്, കൂടാതെ ടൈൽസ് വിരിച്ച നടപ്പാതയും സുന്ദരമാക്കി. പഴയ ശോച്യാവസ്ഥയിലായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രവും പൊതുശൗചാലയവും പൊളിച്ചുമാറ്റി, പുതിയ സൗകര്യങ്ങൾ ഒരുക്കിയിരിക്കുകയാണ്.
കടമുറികൾക്കും ആഴ്ചചന്തയ്‌ക്കും പെട്ടെന്ന് തന്നെ സൗകര്യങ്ങൾ ഒരുക്കും. കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ ഓഫീസ് നേരത്തെ പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചുമാറ്റി വിശ്രമമന്ദിരം (ടേക്ക് എ ബ്രേക്ക്) പണിതു. ഗ്രാമപ്പഞ്ചായത്ത് 80 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഇരുനിലക്കെട്ടിടത്തിൽ ബസ് യാത്രക്കാർക്കുള്ള വിശ്രമകേന്ദ്രം, ശൗചാലയം, കോഫീ ഹൗസ്, സ്ത്രീകൾക്കുള്ള മുലയൂട്ടൽ കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളുണ്ട്.
ഗ്രാമപ്പഞ്ചായത്ത് സാസ്കാരിക നിലയത്തിലെ ആദ്യനിലയിൽ ഭിന്നശേഷിക്കാർക്ക് കായികവിനോദത്തിനും വിശ്രമത്തിനും സൗകര്യങ്ങളൊരുക്കുന്ന പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും, കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ ഓഫീസ് ഒരു കിലോമീറ്റർ അകലെയുള്ള പുതിയ സബ് ഡിപ്പോയിലേക്ക് മാറുമെന്നും അധികൃതർ അറിയിച്ചു.