സഹോദരങ്ങൾ മിന്നും നേട്ടത്തിൽ: മുക്കം സബ് ജില്ലാമേളയിൽ ഒന്നാം സ്ഥാനം

മുക്കം : കഴിഞ്ഞ ദിവസം നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മുക്കം സബ്ജില്ലാ പ്രവർത്തി പരിചയ മേളയിൽ സഹോദരങ്ങളായ മിൻഹാൽ എ.പി.യും മിൻഹാസ് എ.പി.യും ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാ തല മത്സരത്തിന് യോഗ്യത നേടി. എച്ച്എസ്എസ് വിഭാഗത്തിൽ കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി മിൻഹാൽ തുടർച്ചയായ മൂന്നാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്.
യുപി വിഭാഗത്തിൽ പന്നിക്കോട് എയുപി സ്കൂൾ ഏഴാം തരം വിദ്യാർത്ഥി മിൻഹാസ് കഴിഞ്ഞ വർഷം എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം നേടിയിരുന്നു. ഇരുവരും പന്നിക്കോട് ഹിദായത്തു സ്വിബിയാൻ മദ്രസ ട്രഷറർ ഷംസുദ്ദീൻ – അസ്മാബി ദമ്പതികളുടെ മക്കളാണ്.
വിവിധ കലാമത്സരങ്ങളിൽ ഈ സഹോദരങ്ങൾ തെളിയിച്ച പ്രകടനം സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും അഭിനന്ദനമാർജ്ജിച്ചതാണ്. മദ്രസയിലും എസ്‌കെഎസ്എസ്എഫ് നടത്തുന്ന “മുസാബഖ”, “സർഗ്ഗലയം” മത്സരങ്ങളിലും മികച്ച പ്രകടനം തുടരുകയാണ്.
മിൻഹാൽ കഴിഞ്ഞ തവണ തൃശ്ശൂരിൽ വച്ച് നടന്ന “സർഗ്ഗലയം” സാഹിത്യ മത്സരത്തിൽ മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടി. ഇവരുടെ കുടുംബത്തിന്റെയും മദ്രസ അധ്യാപകരുടെയും നിർണായക പിന്തുണ സഹോദരങ്ങൾക്കു നേട്ടമാർജ്ജിക്കാൻ പ്രചോദനമായി.