3 പേർക്ക് കൂടി രോഗമുക്തി…

കോഴിക്കോട്∙ കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എൺപത്തിനാലുകാരനായ കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർക്ക് കൂടി രോഗമുക്തി. ചികിത്സയിലുള്ള എടച്ചേരിക്കാരായ ഒരു കുടുംബത്തിലെ അഞ്ചു പേരിൽ രണ്ടു പേരും രോഗമുക്തരായി. ഇതോടെ രോഗം ഭേദമായ കോഴിക്കോട് ജില്ലക്കാർ ആകെ പതിമൂന്നും ഇതര ജില്ലക്കാർ അഞ്ചും ആയി. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച ഒരു തമിഴ്‌നാട് സ്വദേശി ഉൾപ്പെടെയുള്ള ആകെ 24 പേരിൽ 11 പേരാണ് ഇപ്പോൾ പോസിറ്റീവായി ചികിത്സയിലുള്ളത്.
എടച്ചേരി കുടുംബത്തിലെ ഗൃഹനാഥയും മകനുമാണ് ഇന്നലെ രോഗമുക്തരായി മടങ്ങിയത്. ഗൃഹനാഥനും ഒരു മകനും ബന്ധുവായ പെൺകുട്ടിയും ചികിൽസിയിലുണ്ട്. 487 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.വി.ജയശ്രീ അറിയിച്ചു. നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവരുടെ എണ്ണം 21,665 ആയി. 1193 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ തുടരുന്നത്. പുതുതായി വന്ന 22 പേർ ഉൾപ്പെടെ ആകെ 58 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. 12 പേരെ ഡിസ്ചാർജ് ചെയ്തു.
ഇന്നലെ 26 സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചു. ആകെ 812 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 781 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 751 എണ്ണം നെഗറ്റീവ് ആണ്. ഇനി 31 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ 30 പേർക്ക് ഇന്ന് കൗൺസലിങ് നൽകി.
News from Manorama
https://www.manoramaonline.com/district-news/kozhikode/2020/04/26/kozhikode-covid-case.html







