അധികൃതരുടെ അനാസ്ഥയിൽ വലഞ് 200 ഓളം കുടുംബങ്ങൾ: പ്രതിഷേധം ശക്തമാക്കി നാട്ടുകാർ
തിരുവമ്പാടി : പഞ്ചായത്ത് അധികൃതരുടെ അനാസ്ഥക്കെതിരെ ശക്തമായി പ്രതിഷേധിച്ച് ചേപ്പിലംകോട് നിവാസികൾ. തങ്ങളുടെ യാത്രാ ദുരിതത്തിന് ലക്ഷ്യം കാണുന്നത് വരെ പ്രതിഷേധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. കുരിശുപള്ളിയിൽ നിന്നും ചേപ്പിലംകോടേക്കുള്ള ഒന്നരകിലോമീറ്റർ ദൂരമുള്ള റോഡാണ് അധികൃതരുടെ അനാസ്ഥയിൽ യാത്രായോഗ്യമല്ലാതെ കിടക്കുന്നത്.
പഞ്ചായത്തിന്റെ അനുമതിയോട് കൂടെ ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി വെട്ടി കീറിയ റോഡാണിത്. റോഡിനു കുറുകെ വെട്ടി കീറിയതിനാൽ യാത്രായോഗ്യമല്ലാതായിരിക്കുകയാണ്. ഈ വഴിയിലൂടെ വാഹനങ്ങൾക്ക് പുറമേ യാത്രക്കാർക്ക് നടന്നു പോകാൻ കൂടി കഴിയാത്ത അവസ്ഥയാണ്.
രണ്ട് വർഷമായി ജനങ്ങൾ ഈ ദുരിതം അനുഭവിക്കുന്നു. ഇന്നും റോഡിനോ അവസ്ഥയ്‌ക്കോ മാറ്റമില്ല.പഞ്ചായത്ത് സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡണ്ട് തുടങ്ങി പഞ്ചായത്തിലെ മുഴുവൻ അധികൃതരെ നേരിട്ട് കണ്ട് പരാതി ബോധിപ്പിച്ചെങ്കിലും
ഫലമുണ്ടായില്ല. ഇന്നും ഇതേ അവസ്ഥയാണ്. യാതൊരു നിർവാഹവുമില്ലാത്ത അവസ്ഥയിലാണ് ജനങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത് എന്ന് പ്രതിഷേധകർ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.
മഴ മാറട്ടെയെന്നും അതിനായി ആറു മാസം കാത്തു നിൽക്കണമെന്നും, പെട്ടന്നൊരു പരിഹാരം ഇതിനില്ലെന്നും അധികൃതർ തങ്ങളോട് പറഞ്ഞുവെന്നും പ്രതിഷേധകർ അറിയിച്ചു. ഏകദേശം 200 ഓളം കുടുംബങ്ങൾ ഉപയോകിക്കുന്ന റോഡാണിത് അത് കൊണ്ട് തന്നെ റോഡ് ടാറിട്ട് പഴയ രീതിയിൽ ഉപയോഗയോഗ്യ മാക്കുന്നതുവരെ ശക്തമായി സമരം മുന്നോട്ട് കൊണ്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും അറിയിച്ചു.