Kozhikode

കട തുറക്കൽ: ആശയക്കുഴപ്പം തുടരുന്നു

കോഴിക്കോട്∙ ലോക്ഡൗണിൽ ചെറിയ കടകൾ തുറക്കാമെന്ന തീരുമാനത്തിൽ ആശയക്കുഴപ്പം രൂക്ഷം; ജില്ലയിൽ സാധാരണ തുറക്കാറുള്ള കടകൾ മാത്രമാണ് ഇന്നലെയും തുറന്നത്. കട തുറക്കാൻ അനുമതിക്കായി ശ്രമിച്ചെങ്കിലും പലയിടത്തും നൽകിയതുമില്ല. കോഴിക്കോട് അടക്കമുള്ള ജില്ലകൾ റെഡ്സോണിൽ തുടരുന്ന സാഹചര്യത്തിൽ കലക്ടറുടെ തീരുമാനത്തിനാണു ജനങ്ങൾ കാത്തിരിക്കുന്നത്.

ഞായറാഴ്ച തുറക്കാൻ അനുമതിയുള്ള മൊബൈൽ ഫോൺ, ഇലക്ട്രോണിക്സ് കടകൾ, വാഹന വർക്ക്ഷോപ്, സ്പെയർപാർട്സ് കടകൾ എന്നിവയ്ക്കു പുറമേ വൈകിട്ട് 5 വരെ തുറക്കാൻ അനുമതിയുള്ള പലചരക്കുകട, പച്ചക്കറി കട എന്നിവ മാത്രമാണു കോഴിക്കോട്ടും വടകരയിലും തുറന്നത്. കടകൾ നാളെ തുറക്കുന്നതിനു മുന്നോടിയായുള്ള പ്രവർത്തനങ്ങളും നടന്നിട്ടില്ല. മേയ് 3 വരെ നിയന്ത്രണം നീട്ടാനാണു സാധ്യതയെന്നു കച്ചവടക്കാരും പറയുന്നു.

നേരത്തെ മർച്ചന്റ്സ് അസോസിയേഷന്റെ ആവശ്യപ്രകാരം വടകര നഗരസഭ 3 ദിവസങ്ങളിൽ വിവിധ മേഖലകളായി തിരിച്ചു കടകൾ തുറന്നു ശുചീകരിക്കാനും അണുവിമുക്തമാക്കാനും ഇലട്രോണിക്സ് ഉപകരണങ്ങളുടെ കേടുപാട് തീർക്കാനും കംപ്യൂട്ടർ, ബാറ്ററികൾ എന്നിവ ചാർജ് ചെയ്യാനും സൗകര്യം നൽകിയിരുന്നു. അന്നു കട ശുചീകരണം നടന്നതിനാൽ ഇന്നലെ അതിന് ആരും മുതിർന്നില്ല

മാവൂർ, തിരുവമ്പാടി, താമരശ്ശേരി, ബാലുശ്ശേരി, കൂട്ടാലിട, പേരാമ്പ്ര, കുറ്റ്യാടി, തൊട്ടിൽപാലം, കക്കട്ടിൽ, നാദാപുരം മേപ്പയൂർ, നടുവണ്ണൂർ , അത്തോളി, ഉള്ളിയേരി, പയ്യോളി മേഖലകളിലും അനുമതിയുള്ള കടകൾ മാത്രമാണു തുറക്കുന്നത്. മറ്റു കടകൾ തുറക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്നാണ് നടുവണ്ണൂർ വ്യാപാരി വ്യവസായ ഏകോപന സമിതി ഭാരവാഹി പറഞ്ഞത്.

കൂട്ടാലിടയിൽ തുണിക്കട തുറന്നു വൃത്തിയാക്കി എലിയെ പിടിക്കാൻ കെണി വയ്ക്കുന്ന കൗതുകക്കാഴ്ചയും കണ്ടു. ബാലുശ്ശേരി മേഖലയിൽ കടകൾ തുറന്നു ശുചീകരിക്കാൻ അനുമതി നൽകണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. മുക്കത്തു പൊലീസ് പരിശോധന കർശനമാക്കിയതോടെ അങ്ങാടികളിൽ ആളുകൾ എത്തുന്നതു കുറഞ്ഞു. കൊയിലാണ്ടിയിൽ തുറന്നിരുന്ന കടകളിൽ തിരക്കുകുറവായിരുന്നു.

മോട്ടർ പമ്പുകൾ വിൽക്കുന്ന കടകൾ തുറന്നത് നാദാപുരം അടക്കമുള്ള മേഖലകളിലെ കർഷകർക്കും ജനങ്ങൾക്കും ആശ്വാസമായി. കടുത്ത വേനലിൽ പലയിടത്തും വെള്ളം കിട്ടാതെ വലയുകയായിരുന്നു. താമരശ്ശേരി മേഖലയിൽ ഇന്നു കൂടുതൽ കടകൾ തുറക്കുമെന്നാണു പ്രതീക്ഷ. എന്നാൽ ആളില്ലാതെ വെറുതെ തുറന്നുവെച്ചിട്ടെന്താണ് കാര്യമെന്നാണ് ചില കട ഉടമകൾ ചോദിച്ചത്.

തിരുവമ്പാടിയിൽ നോമ്പു പ്രമാണിച്ച് പലഹാരങ്ങൾ ഉണ്ടാക്കി പാഴ്സൽ കൊടുക്കാനുള്ള കടകൾ തുറക്കാൻ അനുവാദം ചോദിച്ചെങ്കിലും പൊലീസ് സമ്മതിച്ചില്ല. ഫറോക്ക് മേഖലയിൽ ഹോട്സ്പോട്ട് അല്ലാത്ത ഇടങ്ങളിൽ മിക്ക കടകളും തുറന്നില്ല. ഹോട്സ്പോട്ടുകളിൽ 11 വരെ മാത്രം തുറക്കാൻ അനുമതിയുണ്ടായിരുന്നത് ഉച്ചയ്ക്കു 2 വരെയാക്കി ദീർഘിപ്പിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ കടകൾ ചിലത് തുറന്നു. ഞായറാഴ്ച ആയതിനാൽ കടകൾ തുറക്കുന്നതു കെ‌ാണ്ടു കാര്യമില്ലെന്നു വ്യാപാരികൾ പറഞ്ഞു.

NEWS FROM MANORAMA

https://www.manoramaonline.com/district-news/kozhikode/2020/04/27/kozhikode-lockdown-concessions.html

Related Articles

Leave a Reply

Back to top button